പുതുപ്പള്ളി - ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. മന്ത്രി വി.എന്‍ വാസവന്‍ സ്ഥലത്തെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി. പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കൈവരികളുടെയും നടപ്പാതയുടെയും നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഏഴ് മീറ്റര്‍ റോഡും ഇരുവശങ്ങളില്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയും 83.4 മീറ്റര്‍ നീളത്തിലുമാണ് പാലത്തിന്റെ നിര്‍മാണം. 9.91 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്.
രണ്ടു തൂണുകളും മൂന്നു സ്പാനുകളും ഒന്‍പതു ബീമുകളുമാണ് പാലത്തിനുള്ളത്. അപകടത്തിലായിരുന്ന പഴയപാലം പൂര്‍ണമായും പൊളിച്ചു നീക്കിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. മൂന്നര പതിറ്റാണ്ടു മുന്‍പ് നിര്‍മിച്ച പഴയ പാലം കാലപ്പഴക്കത്താല്‍ കൈവരികള്‍ തകര്‍ന്നും, ബലക്ഷയം മൂലവും അപകടവസ്ഥയിലായിരുന്നു. പുന്നത്തുറ കിഴക്ക്, പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരുവശം ഏറ്റുമാനൂര്‍ നഗരസഭയിലും മറുവശം അയര്‍ക്കുന്നം പഞ്ചായത്തിലുമാണ്. 2018ലെ പ്രളയത്തിനു ശേഷം പാലം തീര്‍ത്തും അപകടാവസ്ഥയിലായിരുന്നു. മൂന്നുമീറ്റര്‍ മാത്രമായിരുന്നു പാലത്തിന്റെ വീതി. പാലത്തിന്റെ വീതിക്കുറവ് വാഹനയാത്രികരെയും, കാല്‍നടക്കാരെയും ബുദ്ധിമുട്ടിച്ചിരുന്നു. ജൂണില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഐ എം ജില്ല കമ്മിറ്റിയംഗം ഇ എസ് ബിജു, ലോക്കല്‍ സെക്രട്ടറിമാരായ കെ.പി ശ്രീനി, എം.ഡി വര്‍ക്കി, വ്യപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എം.കെ സുഗതന്‍, നഗരസഭ കൗണ്‍സിലര്‍മാരായ എം.കെ സോമന്‍, ഡോ. എസ് ബീന എന്നിവരും നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രിക്കൊപ്പമുണ്ടായിരുന്നു മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
0 Comments