ഏറ്റുമാനൂര്‍ ടൗണില്‍ പാതയോരത്ത് ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. പോലീസ് സ്റ്റേഷന്‍ റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി സ്ഥിതി ചെയ്തിരുന്ന കെട്ടിടമാണ് കനത്ത മഴയില്‍ ഇടിഞ്ഞു വീണത്. ഈ കെട്ടിടത്തില്‍ പാഴ് മരം വളര്‍ന്ന് അപകരമായ നിലയില്‍ നിന്നിരുന്നത് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നതായി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് നാട്ടുകാരും മുനിസിപ്പല്‍ അധികൃതര്‍ക്കും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍, ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ക്രിസ്തുരാജ് ദേവാലയം എന്നിവിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഉള്ള വഴിയിലാണ് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയില്‍ കെട്ടിടാവശിഷ്ടം നില്‍ക്കുന്നത്. മഴക്കെടുതിയില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഉടമയെ നിലയിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അദ്ദേഹം ആവശ്യമായ സുരക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായും വാര്‍ഡ് കൗണ്‍സിലര്‍ രശ്മിശ്യാംപറഞ്ഞു. വാഹന യാത്രികരും കാല്‍നട യാത്രക്കാരും ഏറെ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അപകടാവസ്ഥ പരിഹരിക്കണമെന്നും കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കണമെന്നും ആവശ്യമുയരുകയാണ്.
0 Comments