ബൈക്ക് അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതര പരുക്കേറ്റയാള്‍ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മുട്ടിന്റെ പകുതി ഭാഗം മാറ്റി വെയ്ക്കുന്ന യൂണികംപാര്‍ട്ടുമെന്റല്‍ ആര്‍ത്രോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി. കൂത്താട്ടുകുളം സ്വദേശിയായ 55 കാരനാണ് അപകടത്തില്‍ പരുക്കേറ്റ ഇടതു കാല്‍മുട്ടിന് അപൂര്‍വ്വശസ്ത്രക്രിയ വേണ്ടി വന്നത് . വിദഗ്ധ പരിശോധനയില്‍ അപകടത്തില്‍ മുട്ടിന്റെ മെനിസ്‌കസ് ഭാഗത്ത് പരുക്കേറ്റ് വിള്ളലുണ്ടാകുകയും തെന്നിമാറിയിട്ടുണ്ടെന്നും കണ്ടെത്തിയത്. പരുക്കിന്റെ ഭാഗമായി മുട്ടിലെ കാര്‍ട്ടിലേജ് ഭാഗം ദ്രവിച്ച് തുടങ്ങിയ നിലയിലുമായിരുന്നു. മെനസ്‌കസിന്റെ പരുക്ക് പരിഹരിക്കുകയും, ദ്രവിക്കുന്ന ഭാഗം മാറ്റുകയും വേണമെന്നതിനാലാണ് കാല്‍മുട്ടിന്റെ പകുതി ഭാഗം മാറ്റി വയ്ക്കുന്ന യൂണികംപാര്‍ട്ടുമെന്റല്‍ ആര്‍ത്രോപ്ലാസ്റ്റി ശസ്ത്രക്രിയ തീരുമാനിച്ചത്.
ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി പ്രഫ.ഡോ.മാത്യു ഏബ്രഹാം, കണ്‍സള്‍ട്ടന്റ് ഡോ.സിജോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പെട്ടെന്ന് സുഖം പ്രാപിക്കാമെന്നതും കാല്‍മുട്ടിന്റെ സാധാരണ നില വേഗത്തിലാകുമെന്നതും ഈ ശസ്ത്രക്രിയയുടെ നേട്ടമാണ്. സാധാരണ മുട്ടിന്റെ ഒരു വശം തേയ്മാനം ഉണ്ടാകുമ്പോള്‍ ഈ ശസ്ത്രക്രിയ നടത്താറുണ്ടെങ്കിലും അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പകുതി ഭാഗം മാറ്റി വയ്ക്കുന്നത് അപൂര്‍വ്വമാണ്. അനസ്‌തേഷ്യോഷജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ.ലിബി ജെ.പാപ്പച്ചന്‍, ഡോ. എബി ജോണ്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
0 Comments