കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. KSRTC സര്‍വ്വീസുകളും മുടങ്ങി. ഓട്ടോ ടാക്‌സി സര്‍വീസുകള്‍ നിലച്ചു. പലയിടത്തും ഹോട്ടലുകളും അടഞ്ഞു കിടന്നതോടെ പൊതുപണിമുടക്ക് ഹര്‍ത്താല്‍ ആയി മാറി.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ റാലികളും നടന്നു. സമരത്തെ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ ഡൈസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതെ വരുന്നവര്‍ക്ക് ശമ്പളം റദ്ദാക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. ബസ് സര്‍വീസുകള്‍ മുടങ്ങിയതോടെ സ്വകാര്യ വാഹനങ്ങള്‍ ധാരാളമായി നിരത്തില്‍ ഇറങ്ങി. സിഐടിയു, എഐടി യുസി, ഐഎന്‍ടിയുസി,, ടിയുസിസി, യുറ്റിയൂസി തുടങ്ങിയ പ്രധാന സംഘടനകള്‍ ആണ് പണിമുടക്കില്‍ പങ്കുചേര്‍ന്നത്. എല്‍ഡിഎഫ് ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ചു. ടൗണ്‍ ചുറ്റി പ്രതിഷേധ ജാഥ മെയിന്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന് പ്രതിഷേധ സംഗമം സിപിഎം നേതാവ് വിജയപ്രകാശ് ഉദ്ഘാടനം ചെയ്തു.. ഇടതുപക്ഷ നേതാക്കളായ ഇ.എസ് ബിജു ടി.വി ബിജോയ്, പി.കെ. സുരേഷ് , ബാബു ജോര്‍ജ്, പ്രശാന്ത് രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ഐഎന്‍ടിയുസി നേതാവ് ബിജു കൂമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തൊഴിലാളി സംഘടന നേതാക്കളായ ജോളി എട്ടുപറ, ശശി മുണ്ടക്കല്‍, പി.കെ സമദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്‍കാലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് ചേര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘടനകള്‍ സ്വതന്ത്ര നിലയിലാണ് പ്രതിഷേധ പ്രകടനം. ഒരേ സമയം എതിര്‍ ദിശകളില്‍ കടന്നെത്തിയ പ്രതിഷേധ റാലികളെ നിയന്ത്രിക്കുവാന്‍ പോലീസ് ജാഗ്രത പുലര്‍ത്തി.





0 Comments