ഒരു വര്‍ഷത്തിനിടയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഭരണം നിലനിര്‍ത്താനും ഭരണം പിടിക്കാനുമുള്ള തന്ത്രങ്ങളാവിഷ്‌കരിക്കുന്ന തിരക്കിലാണ് മുന്നണികള്‍. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് Mനെ തിരികെ UDF ലെത്തിച്ച് വിജയമുറപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് UDF നേതൃത്വം നടത്തുന്നത്. സീറ്റുകള്‍ വീതംവയ്ക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ നടന്നതായി പറയപ്പെടുമ്പോഴും ഇക്കാര്യം ശക്തമായി നിഷേധിക്കുകയാണ്.
കേരള കോണ്‍ഗ്രസ് നേതൃത്വം. ഭരണമുന്നണിമാറ്റം സംബന്ധിച്ചുള്ളത് വ്യാജവാര്‍ത്തകളാണെന്നും ഇത് പൂര്‍ണ്ണമായും തള്ളിക്കളയുകയുമാണെന്നെ നിലപാടാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തിനുള്ളത് . ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായി തുടരുമെന്നും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അതിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളുകയാണെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.





0 Comments