ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പാഴ്‌സല്‍ വാഹനം ബ്രേക്ക് ഡൗണായി കിടന്നത് ഗതാഗത തടസ്സപ്പെടാന്‍ കാരണമായി. ഫ്‌ലൂയിഡ് ലീക്കും ക്ലച്ച് തകരാറും സംഭവിച്ച വാഹനം നീക്കുവാന്‍ പോലീസ് ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. ഇതുവഴി എത്തിയ ആംബുലന്‍സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഏറെ വിഷമിച്ചാണ് ഇവിടം കടന്നുപോയത്. ബ്രേക്ക് ഡൌണ്‍ ആയ വാഹനം ഒരു മണിക്കൂറോളം നഗര ഹൃദയത്തില്‍ കുടുങ്ങിയതോടെ പട്ടിത്താനം മുതല്‍ കാരിത്താസ് വരെയുള്ള ഭാഗം വരേയ്ക്കും ഗതാഗതക്കുരുക്ക് നീണ്ടു.
പിന്നീട് പോലീസ് റിക്കവറി വാന്‍ എത്തിച്ചാണ് ബ്രേക്ക് ഡൌണ്‍ ആയ പാഴ്‌സല്‍ ലോറി മാറ്റിയത്. പോലീസ് വളരെ പണിപ്പെട്ടാണ് ട്രാഫിക് നിയന്ത്രണം നടത്തിയത്. വാഹനക്കുരുക്കിന് കാരണമായ പാഴ്‌സല്‍ ലോറി നിരത്തില്‍ നിന്നും നീക്കിയെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഏറ്റുമാരിലെ ഗതാഗതം സാധാരണ നിലയില്‍ എത്തിയില്ല. ഇതിനിടയില്‍ ഏറ്റുമാനൂര്‍ ടൗണില്‍ നിന്നും ചിറക്കുളം റോഡ് വഴി നഗരസഭ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍് ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വാരിക്കുഴി രൂപപ്പെട്ടു. ഇതുവഴി കടന്നു പോകുന്നവര്‍ ഈ കുഴിയില്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെട്ടിട്ടും അഞ്ചടിയില്‍ അധികം കാഴ്ചയുള്ള ഓടക്കു മുകളിലെ തകര്‍ന്ന സ്ലാബുകള്‍ മാറ്റുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഏറ്റുമാനൂരില്‍ വാഹന ഗതാഗത ക്രമീകരണത്തിനായി ട്രാഫിക് പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.
0 Comments