മഹാത്മാ അയ്യങ്കാളിയുടെ ജീവിതം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ജന്മിത്വത്തിനും എതിരെയുള്ള പോരാട്ടം ആയിരുന്നു എന്നും അധ:സ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പോരാട്ടമായിരുന്നു ആ ജീവിതം എന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചാവറ അച്ഛനും ശ്രീനാരായണ ഗുരുദേവനും തുടക്കം കുറിച്ച അക്ഷര വെളിച്ചം അതിന്റെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാനുള്ള ഉത്തരവാദിത്വമേറ്റെടുത്ത മഹത് വ്യക്തിത്വമായിരുന്നു അയ്യങ്കാളിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിഎംഎസ് ഏറ്റുമാനൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വാസവന്‍.
സമ്മേളനത്തിന് മുന്നോടിയായി വര്‍ണ്ണശബളമായ ഘോഷയാത്ര തവളക്കുഴിയില്‍ നിന്നും ആരംഭിച്ച ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷന് സമീപം സമ്മേളന വേദിയില്‍ എത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും ഭദ്രദീപ പ്രകാശനവും നടത്തി. ഏറ്റുമാനൂര്‍ യൂണിയനിലെ 18 ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. യൂണിയന്‍ പ്രസിഡന്റ് കെ .പി . ബിനീഷ് മോന്‍ അധ്യക്ഷത വഹിച്ചു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ .സുരേഷ്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, ഇസ്‌കഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് രാജന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി എം എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖില്‍ കെ .ദാമോദരന്‍ സഭാ സന്ദേശം നല്‍കി. തുടര്‍ന്ന് ഉപഹാര സമര്‍പ്പണം, വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ആദരിക്കല്‍ എന്നിവ നടന്നു.
0 Comments