
പാലായില്‍ വിദ്യാര്‍ത്ഥിക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാലായില്‍ ട്രോണിക്‌സ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം നടത്തുന്ന ഇടമറ്റം മുകളേല്‍പീടിക ഈഴവര്‍ മറ്റത്തില്‍ ബിനോയിയുടെ മകന്‍ ജിബിനെയാണ് 4 ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.15 നാണ് സംഭവം. ഇടമറ്റം പ്ലാത്തറയില്‍ ബിനോയുടെ നേതൃത്വത്തിലുള്ളവരാണ് ആക്രമിച്ചതെന്ന് ജിബിന്‍ പറഞ്ഞു.
ജിബിന്റെ അയല്‍വാസിയായ ബിനോ രാവിലെ ജിബിന്റെ അമ്മയെ അസഭ്യം പറഞ്ഞത് ജിബിന്‍ തടഞ്ഞു. ഇനി അമ്മയെ അസഭ്യം പറയരുതെന്ന് ജിബിന്‍ ആവശ്യപ്പെട്ടു. പിന്നീട് പാലായിലെ ജിബിന്‍ പഠിക്കുന്ന ട്രോണിക്‌സിലേക്കുള്ള വഴിയില്‍ വച്ച് ബിനോയുടെ നേതൃത്വത്തില്‍ 4 പേര്‍ കമ്പി വടി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ് പ്രതികള്‍. മുട്ടിനും തലക്കും ശരീരത്തിന്റെ പലഭാഗത്തും അടിയേറ്റ് ജിബിന്‍ താന്‍ പഠിക്കുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സ്ഥാപനത്തിലെ പ്രധാന അധ്യാപകനും മറ്റ് അധ്യാപകരും ചേര്‍ന്നാണ് ജിബിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാല്‍മുട്ടിനും തലക്കും പരിക്കേറ്റ ജിബിന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




0 Comments