Breaking...

9/recent/ticker-posts

Header Ads Widget

പയപ്പാര്‍ റോഡിന്റെ ളാലം തോടിനോടുചേര്‍ന്ന ഭാഗം ഇടിഞ്ഞു


അന്ത്യാളം പയപ്പാര്‍ റോഡിന്റെ ളാലം തോടിനോടുചേര്‍ന്ന ഭാഗം ഇടിഞ്ഞു വീണിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.    ആറുമാസം മുമ്പാണ് റോഡിന്റെഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. റോഡിലൂടെയുള്ള ഗതാഗതം  അപകട ഭീഷണിയായി മാറിയിട്ടും സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടിയില്ലെന്ന്  ആക്ഷേപം  ഉയരുന്നു. പാലാ  തൊടുപുഴ സംസ്ഥാനപാതയെയും പാലാ ഏഴാച്ചേരി  രാമപുരം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകട ഭീഷണി ഉണ്ടായിരിക്കുന്നത്.   അന്ത്യാളം തടയണയ്ക്കു സമീപം ആറുമാസം മുമ്പ് കനത്ത മഴയില്‍  മരം കടപുഴകി വീണപ്പോള്‍ റോഡിന്റെ  ഒരു  ഭാഗവും തോട്ടില്‍  പതിക്കുകയായിരുന്നു. ഇതോടെ റോഡിന്റെ ഒരു വശം നീളത്തില്‍ വീണ്ടു കീറുകയും ചെയ്തു.  പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വീപ്പ സ്ഥാപിച്ച് വേര്‍തിരിച്ചതല്ലാതെ നടപടികള്‍ ഉണ്ടായില്ല. സമീപകാലത്ത്  റോഡിന്റെ മധ്യഭാഗത്തും വിള്ളല്‍ ഉണ്ടായി.  

കനത്ത  മഴപെയ്താല്‍ റോഡിന്റെ  അവശേഷിക്കുന്ന ഭാഗവും ഇടിഞ്ഞ തോട്ടില്‍ പതിക്കാനും അപകടം ഉണ്ടാവാനും സാധ്യത  ഏറെയാണ് . ഇവിടെ റോഡിന് സംരക്ഷണഭിത്തി വേണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.   ഇടിഞ്ഞു താഴ്ന്ന ഭാഗത്തിന് സമീപം ഉള്ള 100 മീറ്ററോളം ദൂരം അപകടാവസ്ഥയിലാണ് . നൂറുകണക്കിന് വാഹനങ്ങള്‍  ദിവസേന ഇതിലൂടെ കടന്നു പോകുന്നുണ്ട് . നിലവില്‍ റോഡ് ഇടിഞ്ഞു താഴ്ന്നതിന്റെ മറുഭാഗത്ത് കൂടി വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് . ഈ ഭാഗത്തെ ടാറിങ് ഇളകിയ നിലയിലുമാണ്. എത്രയും വേഗം സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.


Post a Comment

0 Comments