Breaking...

9/recent/ticker-posts

Header Ads Widget

സീനിയര്‍ ബോയ്‌സ് ഹൈജംപില്‍ സ്വര്‍ണം നേടിയ ജ്യൂവല്‍ തോമസ് ദേശീയ റെക്കോഡ് മറികടന്നു



പുതിയ ഉയരങ്ങളും പുതിയ വേഗങ്ങളും പുതിയ ദൂരങ്ങളും കണ്ടെത്താന്‍ വേണ്ടിയുള്ള കൗമാര കായികപ്രതിഭകളുടെ പോരാട്ടത്തില്‍ പുതിയ റെക്കോഡുകള്‍ പിറക്കുന്നത് പ്രതീക്ഷയുണര്‍ത്തുകയാണ്. പാലായില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ബോയ്‌സ് ഹൈജംപില്‍ സ്വര്‍ണം നേടിയ ജ്യൂവല്‍  തോമസ് ദേശീയ റെക്കോഡ് മറികടന്നു. 2.12 മീറ്റര്‍ ചാടിയാണ് മുരിക്കും വയല്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിയായ ജ്യൂവല്‍ തോമസ് നാഷനല്‍ റെക്കോഡ്  മറികടന്നത്. ഹൈജംപില്‍ സ്റ്റേറ്റ് റെക്കോഡായ 2.10 മീറ്ററും ദേശീയ റെക്കോഡായ 2.11 മീറ്ററും ജ്യൂവല്‍ മറി കടന്നു. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ഹെജംപില്‍ സ്റ്റേറ്റ് മീറ്റിലും നാഷണല്‍ മീറ്റിലും സ്വര്‍ണ്ണം നേടിയിരുന്നു. ജൂണിയര്‍  ബോയ്‌സ് വിഭാഗത്തില്‍ സംസ്ഥാന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ജ്യൂവല്‍  റെക്കോഡോടെ സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സീനിയര്‍ ബോയ്‌സ്  വിഭാഗത്തില്‍ മത്സരിച്ചാണ് സ്വര്‍ണ്ണം നേടിയത്. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടന്ന ജൂണിയര്‍ നാഷണല്‍ മീറ്റില്‍ പങ്കെടുത്ത ശേഷമാണ് ജ്യൂവല്‍ പാലായില്‍ ജില്ലാ കായിക മേളയില്‍ മത്സരിക്കാനെത്തിയത്. 

സംസ്ഥാന കായികമേളയിലും ദേശീയ കായിക മേളയിലും  കൂടുതല്‍ മെച്ചപ്പെട്ട ഉയരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ജ്യൂവല്‍ പറഞ്ഞു.  പ്രകടനത്തെ തുടര്‍ന്ന്  സ്റ്റേറ്റ്  നാഷണല്‍ മീറ്റുകളില്‍  റെക്കോഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജ്യൂവല്‍ തോമസ്. വോളിബോള്‍ കളിക്കാരനും ഇപ്പോള്‍ തൃശൂരില്‍ ആംഡ്‌പോലീസ്  CI ആയ തോമസിന്റെയും അധ്യാപികയായ ജിതാ തോമസിന്റെയും മകനാണ് ജ്യൂവല്‍. ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നേടുന്ന ജ്യൂവല്‍ തോമസിന്റെ കോച്ച് സന്തോഷ് ജോര്‍ജാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാന ദേശീയ കായിക മേളകളില്‍ തിളങ്ങുന്ന ജ്യൂവല്‍ തോമസ് ഇന്ത്യന്‍ കായിക രംഗത്തിന് ഏറെ പ്രതീക്ഷകള്‍ അര്‍പ്പിക്കാവുന്ന താരമാണ്. മികച്ച പരിശീലനത്തിലൂടെ അന്താരാഷ്ട്ര മേളകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാന താരങ്ങളുടെ പിന്‍മുറക്കാരനാവാനുള്ള പരിശ്രമത്തിലാണ്ജ്യൂവല്‍ തോമസ്.


Post a Comment

0 Comments