ഗതാഗത വകുപ്പു മന്ത്രിയുടെ പ്രതികാര നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. KSRTC ഡ്രൈവറായ ജയ്‌മോന്‍ ജോസഫ് പുതിയാമറ്റത്തിനെ ബസ്സില്‍ കുടിവെള്ള കുപ്പി സൂക്ഷിച്ചതിന്റെ പേരില്‍ ശകാരിക്കുകയും പുതുക്കാട് ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്ത മന്ത്രിയുടെ പ്രതികാര നടപടിക്കെതിരെയാണ് മരണ്ടാട്ടുപിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പൊന്‍കുന്നം ഡിപ്പോയില്‍ ഡ്രൈവറായ ജയ്‌മോനും മറ്റ് രണ്ടു ജീവനക്കാര്‍ക്ക് എതിരെ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് യൂണിയനുകളുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
എന്നാല്‍ മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും ഉത്തരവ് ഇറക്കുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയ വിവരമറിഞ്ഞ് ജയ്‌മോന്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ച് ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറും മരങ്ങാട്ടുപിള്ളി പാലക്കാട്ടുമല സ്വദേശിയുമായ ജയമോന് എതിരായ മന്ത്രിയുടെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞ് മന്ത്രിയുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റര്‍ പതിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം ഉപരോധം ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയത് ഉള്‍പ്പെടെ മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാര്‍ അനാവശ്യ പ്രഹസനങ്ങള്‍ കാട്ടിക്കൂട്ടുകയാണെന്ന് ബിജു പുന്നത്താനം ആരോപിച്ചു. വാഹനത്തില്‍ കുടിവെള്ളം സൂക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാണോ എന്ന് മന്ത്രി വ്യക്തമാക്കണം. ജീവനക്കാര്‍ക്ക് ഡിപ്പോയിലോ ബസുകളിലോ മതിയായ വിശ്രമ- അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ജയ്‌മോന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ദുരഭിമാനത്തിനും പിടിവാശിക്കും ജീവനക്കാര്‍ ഇരയാകുന്നത് നിത്യ സംഭവമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ ജോര്‍ജ് പയസ്, അഗസ്റ്റിന്‍ കൈമളേട്ട്, കെ.വി മാത്യു, സാബു തെങ്ങുംപള്ളി, മാത്തുകുട്ടി പുളിക്കീല്‍, ജോസ് ജോസഫ് പി, വി.ഡി അഗസ്റ്റിന്‍, സണ്ണി മുളയൊലിക്കല്‍, ഉല്ലാസ് വി,കെ, ആഷിന്‍ അനില്‍ മേലേടം, ഷൈന്‍ കൈമളേട്ട്, സിബു മാണി, റോബിന്‍ സി കുര്യന്‍, ജോജി പാറ്റാനി, കെ.പി കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments