രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 23 ന് പാലാ സെന്റ് തോമസ് കോളജിലെത്തും. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും. സെന്റ് തോമസ് കോളജിന്റെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രപതി കോളേജ് സന്ദര്‍ശിക്കുന്നത്. പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാഫലകവും രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. പാലാ രൂപതാദ്ധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും. 1950-ല്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിനാല്‍ സ്ഥാപിതമായ സെന്റ് തോമസ് കോളേജ് നാക് ഗ്രേഡിംഗില്‍ ഉയര്‍ന്ന സ്‌കോറോടെ A++ അംഗീകാരം കരസ്ഥമാക്കിയും ഓട്ടോണമസ് പദവി നേടിയും പെണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം നല്കിയും ചരിത്രപരമായ നേട്ടങ്ങളിലൂടെയും മുന്നേറ്റത്തിലൂടെയാണ് ജൂബിലി വര്‍ഷം പിന്നിടുന്നത്. 16 ബിരുദ പ്രോഗ്രാമുകളും 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 11 ഗവേഷണ കേന്ദ്രങ്ങളുമായി കാലത്തിനൊപ്പം മികവോടെ മുന്നേറുവാനും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതനിലവാരം പുലര്‍ത്തുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ സേവനവും കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ളതും വിപുലവുമായ ലൈബ്രറിയും ലോകനിലവാരത്തിലുള്ള സ്വിമ്മിംഗ്പൂള്‍ ഉള്‍ക്കൊള്ളുന്ന ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്സും, ഓപ്പണ്‍ ജിംനേഷ്യവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് സെന്റ് തോമസില്‍ ലഭ്യമാവുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ സ്വന്തമായുള്ള പാലാ സെന്റ് തോമസ് കോളേജിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനം അവിസ്മരണീയ മുഹൂര്‍ത്തമാവുകയാണ്.





0 Comments