Breaking...

9/recent/ticker-posts

Header Ads Widget

യുവജനങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാകണമെന്ന് മേധാ പട്കര്‍



യുവജനങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാകണമെന്ന് സാമൂഹ്യ പ്രവര്‍ത്തകയും പരിസ്ഥിതി സംരക്ഷകയുമായ  മേധാ പട്കര്‍ പറഞ്ഞു. പാലാ അല്‍ഫോന്‍സാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റവ. ഡോ ജോസ് ജോസഫ് പുലവേലില്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പില്‍  പ്രഭാഷണം നടത്തുകയായിരുന്നു  മേധാ പട്കര്‍. 

പരിസ്ഥിതിയും  ആദിവാസി സമൂഹങ്ങളും,  സ്ത്രീകളും നേരിടുന്ന ചൂഷണങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന മേഖലകളാണ് . വികസനത്തിന്റെ  പേരില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഭരണഘടനാനുസൃതം തന്നെയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു . ജനാധിപത്യം എന്നത് യാഥാര്‍ത്ഥ്യമാകുന്നത് ഏറ്റവും സാധാരണക്കാരായവരുടെയും ശബ്ദം പ്രതിഫലിപ്പിക്കപ്പെടുമ്പോഴാണ്.  ഭരണനിര്‍വ്വഹണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ള എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണം.മനുഷ്യരോടും പ്രകൃതിയോടും ഒരേപോലെ സൗഹാര്‍ദ്ദത്തില്‍ ജീവിക്കാന്‍ കഴിയണം. കേരളത്തിലെ യുവജനങ്ങള്‍  ഭാഗ്യം ചെയ്തവരാണ്. ഇവിടെയുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും അനുകൂലമാണ്. അതിനാല്‍  വിദേശത്തേക്ക് തങ്ങളുടെ ജീവിതം പറിച്ചുനടാതെ സ്വന്തം നാടിന്റെ ഉന്നതിയ്ക്ക് വേണ്ടി പരിശ്രമിക്കാന്‍ കഴിയണം.  സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങള്‍  നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്വന്തം നാടിന്റെ പൈതൃകത്തില്‍ അഭിമാനം കാത്തു സൂക്ഷിച്ച്, സമത്വവും സ്വാതന്ത്ര്യവും സുസ്ഥിര വികസന മാര്‍ഗ്ഗങ്ങളും ഹൃദയത്തോട് ചേര്‍ത്ത് മുന്നേറാന്‍    യുവജനങ്ങള്‍ തയ്യാറാകണമെന്ന് മേധാ പട്കര്‍ ആഹ്വാനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സി. മിനിമോള്‍ മാത്യു  യോഗത്തില്‍ അദ്ധ്യക്ഷയായിരുന്നു  വൈസ് പ്രിന്‍സിപ്പല്‍   ഡോക്ടര്‍ സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, കോളേജ് ബര്‍സാര്‍ റവ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, യൂത്ത് ഫോറം ഗ്ലോബല്‍  പ്രസിഡന്റ്  ഫെലിക്‌സ് പടിക്കമ്യാലില്‍ എന്നിവര്‍ സംസാരിച്ചു. കോളേജിന്റെ  അക്കാദമികവും ഭരണപരവുമായ തലങ്ങളിലെ മികവിന്റെ മുഖമായിരുന്ന  മുന്‍ ബര്‍സാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിലിന്റെ സ്മരണാര്‍ത്ഥം കോളജിലെ ഇംഗ്ലീഷ് വിഭാഗമാണ് ഈ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാനും അവരുമായി നേരിട്ട് സംവദിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ഈ പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം.


Post a Comment

0 Comments