നിറദീപങ്ങള്‍ തെളിയിച്ച് തൃക്കാര്‍ത്തിക മഹോത്സവം ഭക്തിസാന്ദ്രമായി. ആദിപരാശക്തിയുടെയും ശ്രീമുരുകന്റെയും അനുഗ്രഹം തേടി ഭക്തര്‍ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും കാര്‍ത്തിക ദീപങ്ങള്‍ തെളിച്ച് പ്രകാശത്തിന്റെ ഉത്സവമായി മാറ്റുകയാണ് തൃക്കാര്‍ത്തിക. ദേവീക്ഷേത്രങ്ങളില്‍ ഭക്തിപുരസ്സരം തൃക്കാര്‍ത്തിക ആഘോഷിച്ചു. ഭഗവാന്‍ ശ്രീ സുബ്രഹ്‌മണ്യന്റെ ജന്മനാളാണ് വൃശ്ചികമാസത്തിലെ കാര്‍ത്തിക എന്നാണ് സങ്കല്പം.
കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിറ ദീപങ്ങള്‍ തെളിച്ച് തൃക്കാര്‍ത്തിക ആഘോഷം നടന്നു. കനത്തമഴയ്ക്കു ശേഷവും ഭക്തജനങ്ങള്‍ ദീപങ്ങള്‍ തെളിച്ച് തൃക്കാര്‍ത്തിക ഉത്സവത്തില്‍ പങ്കു ചേര്‍ന്നു. രാവിലെ 8 ന് ശ്രീബലിയും തുടര്‍ന്ന് 12 ന് നവകാഭിഷേകം, പാല്‍ അഭിഷേകം, പഞ്ചാമൃത അഭിഷേകം എന്നിവ നടന്നു. മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു. വൈകീട്ട് ആയിരക്കണക്കിന് ദീപങ്ങള്‍ തെളിച്ചാണ് കിടങ്ങൂരിലെ തൃക്കാര്‍ത്തിക മഹോത്സവം നടന്നത്. ദീപ പ്രഭയില്‍ ക്ഷേതാങ്കണം പ്രഭാപൂരിതമായി. ദീപങ്ങള്‍ തെളിക്കാനും ഭക്തിനിര്‍ഭരമായ ദീപാരാധന തൊഴാനും നിരവധി ഭക്തരെത്തി. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെയം നാദസ്വരത്തിന്റെയും അകമ്പടിയോടെ കാര്‍ത്തിക വിളക്കോടെയാണ് ആഘോഷം സമാപിച്ചത്.
0 Comments