കഴിഞ്ഞ 9 വര്‍ഷമായി ഇടതു സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങള്‍ പോലും നടപ്പാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള വാഗ്ദാന പെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്നും തൃണമുല്‍ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. ധനകാര്യമന്തിയായിരുന്ന കെ.എം മാണി  തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാര്‍ക്ക് സഹായമായിരുന്ന കാരുണ്യ  പദ്ധതി അട്ടിമറിച്ച ഇടതു സര്‍ക്കാരിന് കേരളത്തിലെ പാവപ്പെട്ടവര്‍ മാപ്പ് നല്‍കില്ല എന്നും സജി കൂട്ടിച്ചേര്‍ത്തു.  

എല്‍ഡിഎഫ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരം ഏറ്റെടുത്തപ്പോള്‍ കെഎം മാണി ആവശ്യപ്പെട്ട ഒരേയൊരു കാര്യം കാരുണ്യ പദ്ധതിയെ കൊല്ലരുത് എന്നതായിരുന്നു എന്നും സജി പറഞ്ഞു . മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റ്യന്‍  കെ.എം.മാണിയോട് മാപ്പ് പറഞ്ഞ്  രാജി വെക്കുകയാണ്  വേണ്ടതെന്നും സജി പറഞ്ഞു.  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും അഴിമതിയും ശബരിമല സ്വര്‍ണ്ണ കൊള്ളയും ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തി കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന ദുര്‍ഭരണം അവസാനിപ്പിക്കുമെന്നും  പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം  നേതൃയോഗം ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിച്ചു. നോബി ജോസ്, റഷീദ് കെ.എം, അബ്ദുള്‍ നിയാസ്, ഹാഷിം മേത്തര്‍, കെ.എം. കുര്യന്‍, നിസ്സാര്‍ കെ.പി , സക്കീര്‍ ചെമ്മരപ്പള്ളില്‍, ജോയി സെബാസ്റ്റ്യന്‍, റ്റി.എം.ഇബ്രാഹിം, നിസ്സാര്‍ എം.എസ്, റെജി ജോര്‍ജ്, എം.കെ. റഷീദ്, ഷിഹാബുദിന്‍ , ജോയി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.