Breaking...

9/recent/ticker-posts

Header Ads Widget

ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് പാലാ സബ് കോടതി.



ശബരിമല വിമാനത്താവളത്തിനായി  ഏറ്റെടുക്കാനിരുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് പാലാ സബ് കോടതി. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഗോസ്പല്‍ ഫോര്‍ ഏഷ്യയും തമ്മിലുള്ള കേസിലായിരുന്നു കോടതി വിധി. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉള്‍പ്പെടെ 2570 ഏക്കര്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് എതിര്‍പ്പുണ്ടെങ്കില്‍ രേഖപ്പെടുത്താന്‍ ഏപ്രില്‍ 25നു പ്രസിദ്ധീകരിച്ചതായിരുന്നു വിജ്ഞാപനം. വലിയ വിമാനത്താവളത്തിനു പോലും 1200 ഏക്കര്‍ മതിയെന്നിരിക്കെ ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു. നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി രണ്ടാമതും റദ്ദാക്കിയിരുന്നു. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം. വിമാനത്താവളത്തിന് ആവശ്യമായ സ്ഥലത്തെക്കാള്‍ ഇരട്ടി സ്ഥലം എന്തുകൊണ്ട് വേണമെന്നതിന് ഉത്തരം നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ച്, ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഈ നിര്‍ണായക വ്യവസ്ഥ ഒഴിവാക്കിയതിലെ നിയമപരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സി.ജയചന്ദ്രന്റെ ഉത്തരവ്. വിജ്ഞാപനത്തിനു മുന്‍പുള്ള സാമൂഹിക ആഘാത പഠന (എസ്ഐഎ) റിപ്പോര്‍ട്ട്, വിദഗ്ധ സമിതി റിപ്പോര്‍ട്ട്, സര്‍ക്കാര്‍ ഉത്തരവ് എന്നിവ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.



Post a Comment

0 Comments