Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്തിന് മൂന്ന് സോളാര്‍ ബോട്ട് സര്‍വ്വീസുകള്‍ കൂടി ലഭിക്കുന്നു



വൈക്കത്തിന് മൂന്ന് സോളാര്‍ ബോട്ട് സര്‍വ്വീസുകള്‍ കൂടി ലഭിക്കുന്നു.രാജ്യത്തെ ആദ്യത്തെ സോളാര്‍ യാത്രാ ബോട്ട് സര്‍വീസ് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി അനുവദിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സര്‍വീസ് നടത്തുന്ന ഡീസല്‍ ബോട്ടുകള്‍ക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സോളാര്‍ ബോട്ടുകള്‍ വരുന്നത്. 
ഫെബ്രുവരി 20ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സോളാര്‍ ബോട്ടുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സി.കെ. ആശ എം.എല്‍.എ അറിയിച്ചു. 
പുതിയ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ നിര്‍മാണോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനായിരിക്കും ഇത്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനായിരിക്കും ഇതെന്ന് എം.എല്‍.എ പറഞ്ഞു.2017 മുതല്‍ സര്‍വീസ് നടത്തുന്ന 'ആദിത്യ'യാണ് രാജ്യത്തെ ആദ്യ സോളാര്‍ യാത്രാ ബോട്ട്. പുതിയ ബോട്ടുകള്‍ വരുന്നതോടെ നിലവിലുള്ള ഡീസല്‍ ബോട്ടുകള്‍ പിന്‍വലിക്കും.ഒരു സോളാര്‍ ബോട്ടിന് 3.15 കോടി രൂപയാണ് നിര്‍മാണച്ചെലവ്.  അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ബോട്ടുകള്‍ക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്. മണിക്കൂറില്‍ ശരാശരി 10.8 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളില്‍ വൈക്കത്തുനിന്ന് തവണക്കടവിലെത്താന്‍ കഴിയും. 75 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും ഡീസല്‍ ബോട്ടുകളേക്കാള്‍ അഞ്ചുമിനിറ്റ് സമയലാഭവുമുണ്ട് .സോളാര്‍ ബോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ജലാശയങ്ങളിലെ മലിനീകരണം പൂര്‍ണമായും ഒഴിവാക്കാനാകും. വര്‍ഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസല്‍ ചെലവ് ലാഭിക്കാം. ഏഴുവര്‍ഷത്തിനുള്ളില്‍ നിര്‍മാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള മാരിടൈം ബോര്‍ഡ്, അനര്‍ട്ട് എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുകയും ശബ്ദവുമില്ലാത്ത യാത്രാനുഭവമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവന നല്‍കുന്നതായിരിക്കും പദ്ധതി.സോളാര്‍ ബോട്ടുകള്‍ക്കു മുകളിലുള്ള 20 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകള്‍ക്ക് പുറമേ, സ്റ്റേഷനില്‍ ഷോര്‍ ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി.വി. നായര്‍ പറഞ്ഞു.


Post a Comment

0 Comments