പാലായില്‍ കുരിശുപള്ളി കവലയിലെ സി വൈ എം എല്‍ പാലായുടെ ആസ്ഥാന മന്ദിരം തകര്‍ത്ത സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കെട്ടിടം പൂര്‍ണ്ണമായും ജെസിബി ഉപയോഗിച്ചു തകര്‍ത്തത്. നാല് പേര്‍ രാത്രിയില്‍ സംഭവ സ്ഥലത്ത് എത്തി നിരീ7ണം നടത്തുന്നതും പിന്നീട് ജെസിബി ഉപയോഗിച്ച് കെട്ടിടം പൂര്‍ണമായും തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാലാ കത്തീഡ്രല്‍ പള്ളിയുമായി തര്‍ക്കം നിലനില്‍ക്കെ ദുരൂഹ സാഹചര്യത്തിലാണ് സംഘടനയുടെ ആസ്ഥാന കെട്ടിടം തകര്‍ക്കപ്പെട്ടതെന്ന് ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് പഴയ കെട്ടിടത്തിന് രണ്ടാം നിലയുടെ തട്ടിന് ബലക്ഷയം വന്നതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സംഘടനാ അംഗങ്ങള്‍ തീരുമാനിച്ചിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പള്ളി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും നിര്‍മ്മാണങ്ങള്‍ നിര്‍ത്തി വെപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടതോടെ കാര്യങ്ങള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. തര്‍ക്കം അവസാനിക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് കരാര്‍ ഉണ്ടായിരുന്നതായും അംഗങ്ങള്‍ ആരോപിക്കുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി കെട്ടിടം തകര്‍ക്കപ്പെട്ടത്. സംഭവത്തെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി. സംഘടനാ പ്രസിഡന്റ് സതീഷ് മണര്‍കാട്ടിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജെസിബി കേന്ദ്രീകരിച്ച് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.





0 Comments