Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.



കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള ബജറ്റ്  അവതരിപ്പിച്ചു. സമസ്ത മേഖലകളിലും സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റ് വൈസ് പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി  അവതരിപ്പിച്ചു. 28 കോടി രൂപ വരവും, 24 കോടി രൂപ ചെലവും, 3 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി ലൈഫ് ഭവന പദ്ധതിയ്ക്ക് 40 ലക്ഷവും, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലെ വിഹിതമായി 10 ലക്ഷവും വീട് നന്നാക്കുന്നതിനായി 34 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.. കൃഷി, പാലുത്പാദനം എന്നിവയ്ക്കായി ഒരു കോടി പത്തു ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ആരോഗ്യ രംഗത്ത് വിവിധ മേഖലകള്‍ക്കായി 42 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വനിതകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ക്ക് സബ്സിഡി നല്‍കുന്നതിനും ഓപ്പണ്‍ ജിമ്മിനുമായി,  22 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വികലാംഗര്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി 42 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കിടങ്ങൂര്‍ നഗരവും പ്രധാന റോഡുകളും സുന്ദരവും സുരക്ഷിതവുമാക്കുന്ന പദ്ധയ്ക്ക് 34 ലക്ഷം രൂപയും, ഹരിതകര്‍മ്മസേനയ്ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി 30 ലക്ഷം രൂപയും. കുടിവെള്ള പദ്ധതികളുടെ വിപുലീകരണത്തിനായി 21 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്കായി 24 ലക്ഷം രൂപയും  വകയിരുത്തിയിട്ടുണ്ട്. വേലകളി, മാര്‍ഗംകളി തുടങ്ങിയ നാടന്‍ കലകളും, അനുഷ്ഠാനകലകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാന്റ് നല്‍കുന്നതിന് 3 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിനെ സ്മാര്‍ട്ട് പഞ്ചായത്ത് ആക്കുന്നതിനായി പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടത്തുന്നതിനായും  6 ലക്ഷം രൂപയാണ്  മാറ്റി വച്ചിരിക്കുന്നത്.വയോജന പാര്‍ക്കിനായി 30 ലക്ഷം രൂപയും, കാവാലിപ്പുഴ ബീച്ച്, പാലക്കടവ പാര്‍ക്ക് ഇവയുടെ നിര്‍മ്മാണത്തിനും പ്രാരംഭ ചെലവുകള്‍ക്കുമായി 5 ലക്ഷം രൂപയും ക്യാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് സഹായധനം നല്‍കുന്നതിനായി രണ്ടുലക്ഷം രൂപയും വകയിരുത്തി. ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് ഗീത സുരേഷ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ  ടീന മാളിയേക്കല്‍ , ബിന്ദു രമേശ് , ആശ R, ആസൂത്രണ സമിതി ഉ പാധ്യക്ഷന്‍ പ്രദീപ് കൂടാരപ്പളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments