പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളാഘോഷത്തിനും എട്ടു നോമ്പ് ആചരണത്തിനും ഞായറാഴ്ച തുടക്കമാകും. ദേവാലയത്തിന്റ 415 -ാമത് കല്ലിട്ട തിരുനാളും ഇതോടൊപ്പം നടക്കും. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരുനാള്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന , നൊവേന തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം എന്നിവയും നടക്കും . ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന, തുടര്‍ന്ന് രാവിലെ 5.30 , 7 , 9:30 വൈകുന്നേരം 4.30 രാത്രി 7 മണി എന്നീ സമയങ്ങളില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന,നൊവേന, തിരുനാള്‍ ദിനങ്ങളില്‍ വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 ന് രാവിലെ 4:15 മുതല്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കല്‍ പൂച്ചെണ്ട് സമര്‍പ്പണം നടക്കും.. രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടര്‍ന്ന് 5:30, 7 , 9:30 ഉച്ചയ്ക്ക് 12 മണി എന്നീ സമയങ്ങളില്‍ ആഘോഷമായ വി.കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 4.15 ന് പ്രസുദേന്തി വാഴ്ച, 4:30 ന് ആഘോഷമായ തിരുനാള്‍ റാസ , സന്ദേശം തുടര്‍ന്ന് പട്ടണപ്രദക്ഷിണം, രാത്രി 9 മണിക്ക് സമാപന ആശിര്‍വാദം, കൊടിയിറക്ക് എന്നിവ നടക്കും. സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ.ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസി.ഫാ.ജോസഫ് ആലഞ്ചേരില്‍, കൈക്കാരന്‍മാരായ ടെന്‍സണ്‍ മാത്യു, ജോര്‍ജ്കുട്ടി ഞാവള്ളില്‍, ജോമോന്‍ വേലിക്കകത്ത്, സാബു കുര്യന്‍ കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.




0 Comments