കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ മൂന്ന് ദിവസത്തെ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മീനച്ചിലാറ്റിലെ പാലാ കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി വിപുലമായ ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ വിളിച്ചുചേര്‍ത്ത വിവിധ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചിരുന്നു.
ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മരക്കൊമ്പുകള്‍, ചവറുകള്‍, ചെളി എന്നിവ വന്‍തോതിലാണ് ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയിട്ടുള്ളത്. ഇവ ജലപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പാലാ നഗരസഭ, മീനച്ചില്‍ പഞ്ചായത്ത്, മീനച്ചിലാര്‍ നദീസംരക്ഷണ സമിതി, പാലാ പൗരാവകാശ സമിതി എന്നിവയിലെ അംഗങ്ങളും പൊതുജനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.





0 Comments