ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും ഏറ്റുമാനൂര്‍ നഗരത്തിലും മണ്ഡല മകരവിളക്ക് കാലത്ത്, നടത്തേണ്ട മുന്നൊരുക്കങ്ങള്‍ വൈകുന്നതായി ആക്ഷേപം. ക്ഷേത്രത്തിനു പുറത്ത്, മൈതാനത്ത് കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ച അയ്യപ്പ മണ്ഡപത്തിന്റെയും തീര്‍ത്ഥാടക വിശ്രമ കേന്ദ്രത്തിന്റെയും പണികള്‍ പരാതികളുടെയും കോടതി നടപടികളുടെയും ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടന കാലത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ആവശ്യമായ യാതൊരുവിധ ക്രമീകരണവും ആയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. ക്ഷേത്ര മൈതാനം കുണ്ടും കുഴിയും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ക്ഷേത്ര റോഡുകളില്‍ കാര്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ക്ഷേത്രക്കുളത്തിന്റെ ശുചീകരണവും നടത്തിയിട്ടില്ല. ക്ഷേത്രത്തിലേക്കുള്ള പല റോഡുകളിലും പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നടത്താറുള്ള അവലോകനയോഗവും നിലവില്‍ ഇതുവരെയും നടന്നിട്ടില്ല. ക്ഷേത്ര നഗരത്തിന്റെ പവിത്രതയും സംശുദ്ധിയും കാത്തുസൂക്ഷിക്കുവാന്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അടിയന്തര ഇടപെടലുകള്‍ ആവശ്യമാണെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന ക്ഷേത്ര സങ്കേതത്തില്‍ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.





0 അഭിപ്രായങ്ങള്‍