പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പാലാ റിംഗ് റോഡിന്റെ രണ്ടാംഘട്ടം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. ഇതോടെ സമീപനപാതയില്ലാത്തതിനാല്‍ പ്രയോജനപ്പെടുത്താനാകാത്ത കളരിയാമാക്കല്‍ പാലത്തിനും ശാപമോക്ഷമാകുമെന്ന് അദ്ദേഹം പറഞ്ഞു. കടപ്പാട്ടൂര്‍ മുതല്‍ പന്ത്രണ്ടാംമൈല്‍, കളരിയാമാക്കല്‍, ഞാണ്ടിമാക്കല്‍, പേണ്ടാനംവയല്‍, നെല്ലിയാനി വഴി കടപ്പാട്ടൂരില്‍ അവസാനിക്കുന്ന രീതിയില്‍ കെ.എം. മാണിയുടെ കാലത്താണ് റിംഗ് റോഡ് വിഭാവനം ചെയ്തത്. നാലു ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയുടെ ഒന്നാംഘട്ടം 2019-ല്‍ പൂര്‍ത്തിയായെങ്കിലും തുടര്‍നടപടികള്‍ നിലച്ചതോടെ പദ്ധതി മുടങ്ങുകയായിരുന്നു.
പന്ത്രണ്ടാംമൈല്‍ മുതല്‍ കളരിയാമാക്കല്‍ കടവ് വരെ 2.120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ടത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് അഞ്ചുകോടി രൂപയും വയാഡക്ട് മാതൃകയില്‍ റോഡ് നിര്‍മിക്കാന്‍ 50 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. മീനച്ചില്‍, പൂവരണി വില്ലേജുകളിലായി 528.47 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേയും വിലനിര്‍ണയവും 2016-ല്‍ പൂര്‍ത്തിയാക്കിയെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ഇതുമൂലം 47 കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ നിര്‍മാണം നടത്താനോ വില്‍ക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കളരിയാമാക്കല്‍ പാലത്തിലേക്കുള്ള സമീപനപാത ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രിയുമായും റവന്യൂ, പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാരുമായും ചര്‍ച്ച നടത്തിയതായും അടുത്ത ബജറ്റില്‍ പദ്ധതിക്ക് തുക വകയിരുത്തുമെന്ന് ഉറപ്പുനല്‍കിയതായും മാണി സി. കാപ്പന്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ പിന്തുണയോടെ മുടങ്ങിക്കിടക്കുന്ന വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





0 അഭിപ്രായങ്ങള്‍