കാണക്കാരി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കെപ്‌കോ ആശ്രയ പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ ഭാഗമായി കണക്കാരി പഞ്ചായത്തിലെ വിധവ പെന്‍ഷന്‍ വാങ്ങി വരുന്ന വിധവകള്‍ക്കായി പത്തു മുട്ടക്കോഴി കുഞ്ഞുങ്ങളെയും, മൂന്നു കിലോ തീറ്റയും, ആവശ്യമായ മരുന്നും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ശുഭേഷ് സുധാകരന്‍ നിര്‍വ്വഹിച്ചു. ചിറക്കുളം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് അധ്യക്ഷത വഹിച്ചു. വിധവകള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ അവരുടെ ജീവിതത്തിന് തണലായും, ചെറിയൊരു വരുമാനമായും ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, മന്ത്രി ചിഞ്ചു റാണിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. യോഗത്തില്‍ കോഴി തീറ്റ വിതരണ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കില്‍ നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.





0 Comments