ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ നാല്‍പ്പത്തിയൊന്നു മഹോത്സവത്തോടനുബന്ധിച്ച് അനുഷ്ഠാന ആചാര ചടങ്ങുകളും വിവിധ കലാപരിപാടികളും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാരിയമ്മന്‍ കോവിലില്‍ നവംബര്‍ 17-ന് ആരംഭിച്ച നാല്‍പ്പത്തിയൊന്ന് ഉത്സവം ഡിസംബര്‍ 28 - ന് സമാപിക്കും. 28 - ന് രാവിലെ ഒന്‍പതിന് ചരിത്ര പ്രസിദ്ധമായ മഞ്ഞള്‍ നീരാട്ട് നടക്കും. ക്ഷേത്ര ചടങ്ങുകളോടൊപ്പം കലാ പരിപാടികളും അരങ്ങുണര്‍ത്തും. തീചാമുണ്ഡി, മുത്തപ്പന്‍ വെള്ളാട്ടം, മുടിയേറ്റ് എന്നിവയും ഉത്സവ ദിവസങ്ങളില്‍ നടക്കും. ഡിസംബര്‍ 17ന് വൈകുന്നേരം 6.45 - ന് കലാപരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിക്കും. മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാര്‍ അധ്യക്ഷത വഹിക്കും. 22-ന് രാത്രി 7.30-ന് കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന തീചാമുണ്ഡി, 23-ന് രാത്രി 7.30 -ന് കണ്ണൂര്‍ പ്രദീപ് പെരുവണ്ണാനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പന്‍ വെള്ളാട്ടം. 24-ന് രാത്രി ഏഴിന് നാട്യായിതം - 23, 25-ന് രാത്രി ഏഴിന് കളമെഴുത്തും പാട്ടും , 10-ന് മുടിയേറ്റ്, 26 - ന് രാത്രി 8 - ന് നൃത്തനാടകം - ദേവി ശ്രീമൂകാംബിക, എന്നിവ നടക്കും. 27-ന് രാവിലെ 7.30 -ന് മാരിയമ്മന്‍ പൊങ്കാലയ്ക്ക് ശ്രീകല ഭട്ടതിരിപ്പാട് ദീപം തെളിക്കും.വൈകുന്നേരം അഞ്ചിന് കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര. 7.30 -ന് കറുപ്പന്‍ ഊട്ട്, 12.30-ന് ആഴിപൂജ, ആഴി പ്രവേശനം. എന്നിവയും നടക്കും. 28-ന് രാവിലെ ഒന്‍പതിന് മഞ്ഞള്‍നീരാട്ട് തുടര്‍ന്ന് 12-ന് മഹാപ്രസാദമൂട്ടോടെ നട അടയ്ക്കും. ഭക്തജന പങ്കാളിത്തത്തോടെയാണ് ഉത്സവാഘോഷങ്ങള്‍ നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാര്‍, സെക്രട്ടറി പി.പി. വിനയകുമാര്‍ , പി.എച്ച്. പ്രദീപ്, എം.ജി. പ്രസാദ് , സി.പി. പ്രകാശ്, അനീഷ് മോഹന്‍ ,ജി. അശോകന്‍ , കെ.വി.രമേശ് എന്നിവര്‍ പങ്കെടുത്തു.





0 Comments