Breaking...

9/recent/ticker-posts

Header Ads Widget

യുവാവിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നാടൊരുമിക്കുന്നു



അതിരമ്പുഴയില്‍ മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച്  ഗുരുതരാവസ്ഥയിലായ യുവാവിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നാടൊരുമിക്കുന്നു. അതിരമ്പുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ജംഗ്ഷനു സമീപം ചേനപ്പാടിയില്‍ രാജേഷ് സി. കുമാര്‍ (46) ആണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നത്. മഞ്ഞപ്പിത്തം വഷളായതോടെ കരളിനെ ഗുരുതരമായി ബാധിക്കുകയും കോട്ടയം മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ കരള്‍ മാറ്റി വയ്ക്കുക മാത്രമാണ് പരിഹാരമെന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുമായിരുന്നു. കരള്‍ ദാതാവിനെ ലഭിച്ചെങ്കിലും അമൃതാ ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് രാജേഷും കുടുംബവും. വീടിനോടു ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ കടയാണ് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. അതിരമ്പുഴ പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന ജീവന്‍ രക്ഷാസമിതിയുടെ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ പ്രാഥമിക ചെലവുകള്‍ക്കായി നല്‍കി. ശസ്ത്രക്രിയ ചെലവുകള്‍ക്കായി ഇനിയും 30 ലക്ഷം രൂപ കൂടി സമാഹരിക്കുന്നതിനു വേണ്ടി അതിരമ്പുഴ പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന്  ജനകീയ സമിതി രൂപീകരിച്ചു. മാര്‍ച്ച് 24ന് അതിരമ്പുഴ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ഒരേ സമയം ഭവന സന്ദര്‍ശനം നടത്തി 30 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എംപി, അതിരമ്പുഴ ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും, അനില്‍ നെല്‍സ് സഖറിയാസ് ആനാത്തില്‍ ജനറല്‍ കണ്‍വീനറും, വാര്‍ഡ് മെംബര്‍ ബിജു വലിയമല ചെയര്‍മാനുമായി രൂപീകരിച്ച ജനകീയ കമ്മറ്റിയാണ് ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. ഫണ്ട് സമാഹരണത്തിനായി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളത്തിന്റെയും ജനറല്‍ കണ്‍വീനര്‍ അനില്‍ നെല്‍സ് സഖറിയാസിന്റെയും പേരില്‍ അതിരമ്പുഴ റീജണല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.




Post a Comment

0 Comments