മുന്നൂറോളം ഗരുഡന്മാര്‍ പറന്നാടിയത് അരയന്‍ കാവ് ദേവീക്ഷേത്രത്തില്‍ അപൂര്‍വ്വ കാഴ്ചയൊരുക്കി. മധ്യകേരളത്തിലെ ഏറ്റവും കൂടുതല്‍ ഗരുഡന്‍ തൂക്കം വഴിപാട് ആയി നടക്കുന്ന അരയന്‍ കാവ് ദേവിക്ഷേത്രത്തിലാണ് 300 ഓളം ഗരുഡന്മാര്‍ അണിനിരന്ന ഗരുഡായനം നടന്നത്. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഗരുഡന്‍മാര്‍ ഒന്നിച്ച് പറന്നാടിയത് റെക്കോര്‍ഡു പുസ്തകങ്ങളിലും ഇടം പിടിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഗുരുഡന്മാര്‍ ഒന്നിച്ചണിനിരന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡിലേക്ക് ഗുരുഡായനം പറന്നടുക്കുകയായിരുന്നു.

. നൂറിലധികം വാദ്യ കലാകാരന്മാരും ഗരുഡായനത്തില്‍ അണിനിരന്നു. അരയങ്കാവ് ദേവീക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം നടന്ന പരിപാടി, ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസിന്റെ അധ്യക്ഷതയില്‍ പിറവം എംഎല്‍എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ സി പി നാരായണന്‍ നമ്പൂതിരി തിരി തെളിയിച്ചു. കേരള ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇരുപതോളം ഗരുഡന്‍ തൂക്ക ആശാന്മാരെ ആദരിച്ചു. ഫോക്ക് ലോര്‍ അക്കാദമി സെക്രട്ടറി അജയകുമാര്‍ സംഘാടകസമിതി ചെയര്‍മാന്‍ ബിജു കൂട്ടം, കണ്‍വീനര്‍ പി കെ ശശി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments