Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.



കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം വച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂര്‍  പരിയത്ത് കാലായില്‍  ഷംനാദ് , പെരുമ്പായിക്കാട് കാലായില്‍ വീട്ടില്‍ പ്രദീപ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍വശം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ചാന്നാനിക്കാട് സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, കയ്യില്‍ കരുതിയിരുന്ന വടിവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഷംനാദിന്റെ സഹോദരന്‍ ഉള്‍പ്പെട്ട കേസിലെ പരാതിക്കാരനെ യുവാവ് സഹായിച്ചു എന്നതിനുള്ള വിരോധം മൂലമാണ് ഇവര്‍ ആക്രമിച്ചത്. 



ആക്രമണത്തില്‍ യുവാവിന്റെ ഇടതു കൈക്ക് വെട്ടേല്‍ക്കുകയും സാരമായി പരിക്കുപറ്റുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു. വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് ഇവരെ പിന്തുടര്‍ന്നെത്തി കോടിമത മീന്‍മാര്‍ക്കറ്റിന് സമീപം വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ഷംനാദിന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും, പ്രദീപിന് ഗാന്ധിനഗര്‍, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ശ്രീകുമാര്‍ എം, എസ്.ഐ മാരായ റിന്‍സ് എം തോമസ്, അജയന്‍ പി.ആര്‍, അനീഷ് വിജയന്‍, എ.എസ്.ഐ സജി ജോസഫ്, പ്രശാന്ത് എം.പി, സി.പി.ഓ-മാരായ രാജേഷ്  സി.എ, ദിലീപ് വര്‍മ്മ, ശരത്, ദിലീപ് സി , അനീഷ് ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments