ശബരിമലയിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സങ്കേതത്തിലും പരിസരങ്ങളിലും ഉള്ള കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ലേലം ചെയ്ത് നല്‍കുന്നത് ക്ഷേത്രവിശ്വാസമുള്ളവര്‍ക്കായിരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലേലം കൊണ്ട പലയാളുകളും ഭക്തജനങ്ങളോട് വളരെ അപമര്യാദയായും വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നിലയിലും പ്രതികരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പണത്തെക്കുറിച്ച് മാത്രമല്ല ക്ഷേത്രത്തിന്റെ പരിശുദ്ധിയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ടന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സുഖദര്‍ശനവും ശുദ്ധമായ ഭക്ഷണവും ഉറപ്പു വരുത്തേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണ്. സൗജന്യ അന്നദാനം ദേവസ്വം ബോര്‍ഡ് മുടക്കിയിരിക്കുകയാണ്. അവിടെയെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കുവാനുള്ള സംവിധാനം ഉണ്ടാവണം.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടത്താവുന്ന തീവെട്ടി കൊള്ളയെ കുറിച്ചാണ് അധികൃതര്‍ ചിന്തിക്കുന്നത്. ദേവഹിതം അറിയാതെ വിശ്വാസപരമായ കാര്യങ്ങളില്‍ ഏകപക്ഷീയമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് എടുക്കുന്നതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഭക്തജനങ്ങളുടെയും വിശ്വാസികളുടെയും അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ട് ദേവഹിതം മനസ്സിലാക്കിക്കൊണ്ട് വേണം ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.






0 Comments