കളിക്കളത്തില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുന്‍കാല വോളിബോള്‍ താരങ്ങള്‍ വീണ്ടും ഒത്തു ചേര്‍ന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കളി തമാശകളുമായി കുടുംബസമേതമായിരുന്നു ഒത്തുചേരല്‍. 1976 മുതല്‍ 1982 വരെ മൂലമറ്റം പവര്‍ഹൗസ് കോളനിയില്‍ താമസിച്ച് കെ.എസ്.ഇ.ബി താരങ്ങളായി ശോഭിച്ചവരാണ് വര്‍ഷങ്ങള്‍ക്കു ശേഷം പുളിക്കക്കണ്ടം റിസോര്‍ട്ടില്‍ സമ്മേളിച്ചത്. മുന്‍ കെ.എസ്.ഇ.ബി വോളിബോള്‍ ടീമംഗവും ഇന്റര്‍നാഷണല്‍ താരവുമായ മാണി സി.കാപ്പന്‍ എം.എല്‍.എ സഹധര്‍മ്മിണി ആലീസിനോടൊപ്പമാണ് എത്തിച്ചേര്‍ന്നത്.
.
.കളിക്കളത്തിലെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചും കെ.എസ്.ഇ.ബി കോളനിയില്‍ കൂട്ടുകുടുംബം പോലെ ഒന്നിച്ചുള്ള ജീവിതവും ഓരോരുത്തരും ഓര്‍ത്തെടുത്തത് സംഗമത്തില്‍ പങ്കെടുത്ത പുതുതലമുറക്ക് കൗതുകമായി. കളിക്കളത്തിലുള്ള വീറും വാശിയും സ്വന്തം ടീമിന്റെ വിജയത്തിനു വേണ്ടി മാത്രമാണെന്നും എതിരാളികള്‍ സുഹൃത്തുക്കളാണെന്നും രാഷ്ട്രീയ കളിക്കളത്തിലും തന്റെ നിലപാടിന് മാറ്റമില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞത് പഴയ സുഹൃത്തുക്കള്‍ കയ്യടിച്ച് അംഗീകരിച്ചു. മുന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ ജോണ്‍സണ്‍ ജേക്കബ്,എം.എ ജോസഫ്, സ്റ്റേറ്റ് താരങ്ങളായ അരുണ്‍ തോമസ് ,ഗര്‍വാസീസ്, ബേബി തോമസ്, അലക്‌സ് , തോമസ് ജോര്‍ജ്, ജോസ് തോമസ്, തങ്കച്ചന്‍ സെബാസ്റ്റ്യന്‍, ടീം കോച്ച് ഷംസുദീന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു. തങ്ങളുടെ ഗണത്തില്‍ നിന്നും മണ്‍മറഞ്ഞുപോയ പി.ജെ ജോസ്, ജോസഫ് ജോസഫ്, ലൂക്ക് , ബഷീര്‍, ജോസ് തോമസ്, ബാബു, രാജു, ബ്‌ളെസന്‍, ടീം മാനേജര്‍ കെ.കെ മാത്യു എന്നീ ഒമ്പതംഗങ്ങള്‍ക്കും സ്മരണാഞ്ജലി അര്‍പ്പിച്ചാണ് സംഗമം ആരംഭിച്ചത്. വീണ്ടും കുടുംബസമേതം സമ്മേളിക്കാമെന്ന് പരസ്പരം വാക്കു കൊടുത്താണ് സംഗമം സമാപിച്ചത്.
0 Comments