ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളുടെ സംരക്ഷണ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരണ സമര്‍പ്പണം, ദേവസ്വം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. ക്ഷേത്രഗോപുര ഭിത്തിയിലെ അനന്തശയനം ചുമര്‍ചിത്രത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വാസ്തുവിദ്യാഗുരുകുലത്തെയാണ് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത്. ഗുരുകുലത്തിലെ മ്യൂറല്‍ ആര്‍ട്ടിസ്റ്റുകള്‍ ക്ഷേത്രത്തിലെത്തി ചിത്രം വിശദമായി പരിശോധിക്കുകയും, ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കി ദേവസ്വം ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ബോര്‍ഡിന്റെ അംഗീകാരത്തിന് വിധേയമായാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കഴിഞ്ഞവര്‍ഷം ജൂലൈ 14-നാണ് നവീകരണം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന സംരക്ഷണപ്രവര്ത്തനങ്ങള്ക്കായി സര്‍ക്കാര്‍ 54 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി ചിത്രത്തിന് കേടുവരുത്തിയ ചെറുതും വലുതുമായ 168-ല്‍പരം തടിക്കഷണങ്ങളും ലോഹവസ്തുക്കളും നീക്കംചെയ്തു. ചിത്രപ്രതലവും അതിനു ചുറ്റുമുള്ള പ്രതലവും കുമ്മായക്കൂട്ടുകള്‍കൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്.
ചുമര്‍ചിത്ര സമര്‍പ്പണത്തിനുശേഷം നടന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനംചെയ്തു. ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉപ്പിലിയപ്പന്‍ അധ്യക്ഷനായിരുന്നു. വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. പ്രിയദര്ശനന് പദ്ധതി വിശദീകരണം നടത്തി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ്.ജി . നായര്‍ കൗണ്‍സിലര്‍ സുരേഷ് ആര്. നായര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.എസ്. ശങ്കരന് നായര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഉപദേശക സമിതി അംഗങ്ങള്‍ വാസ്തുവിദ്യ ഗുരുകുലം മ്യൂറല്‍ ആര്‍ട്ടിസ്റ്റ് കടമ്മനിട്ട ശ്രീകുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments