Breaking...

9/recent/ticker-posts

Header Ads Widget

തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി ബ്രഹ്‌മാണ്ഡ ചിത്രം 'എമ്പുരാന്‍' പ്രദര്‍ശനശാലകളിലെത്തി.



തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി ബ്രഹ്‌മാണ്ഡ  ചിത്രം 'എമ്പുരാന്‍' പ്രദര്‍ശനശാലകളിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു ആദ്യ പ്രദര്‍ശനം. മോഹന്‍ലാല്‍ നായകനായ, പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാന് ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ  ആരാധകരുടെ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണി വരെ പലയിടത്തും ആഘോഷങ്ങള്‍ തുടര്‍ന്നു. പല സ്‌ക്രീനുകളിലും ആദ്യദിനത്തില്‍ ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരുന്നത്. 

റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോര്‍ഡുകളും 'എമ്പുരാന്‍' ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം ഐമാക്‌സ് റിലീസായി എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. 2019 ല്‍ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, തുടങ്ങി വന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

Post a Comment

0 Comments