ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉഴവൂര്‍ സ്വദേശിയാണ്. ഒളിംബിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ് . 1993 മുതല്‍ 2012 വരെ 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഷൂട്ടിംഗ് ചാമ്പ്യനായ അദ്ദേഹം, 1993 മുതല്‍ 2012 വരെ 19 വര്‍ഷക്കാലം ഇന്ത്യയുടെ ഷൂട്ടിംഗ് ടീമിനെ നയിച്ചുകൊണ്ട് ദേശീയ തല പരിശീലകന്റെ റോളില്‍ സേവനം ചെയ്തു. ലോക ചാമ്പ്യന്‍ഷിപ്പുകള്‍, ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ 108 സ്വര്‍ണ്ണം, 74 വെള്ളി, 53 വെങ്കല മെഡലുകള്‍ നേടി ഇന്ത്യന്‍ ടീം അഭിമാനകരമായ പ്രകടനം ഈ കാലയളവില്‍ കാഴ്ച വെച്ചു. അദ്ദേഹത്തിന്റെ സമര്‍പ്പണവും വൈദഗ്ധ്യവും ഈ നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ചു. പ്രൊഫ. സണ്ണി തോസിന്റെ ഭൗതികദേഹം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബുധനാഴ്ച വൈകിട്ട് 3 മുതല്‍ 7 വരെ പൊതുദര്‍ശനത്തിന് വച്ചു. സംസ്‌കാരചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ 9ന് ഉഴവൂരിലെ വസതിയില്‍ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് എറണാകുളം തേവയ്ക്കല്‍ മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടക്കും.
0 Comments