പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെ വെബ്‌സൈറ്റ് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവിത്താനം ഇടവകയുടെ 400 വര്‍ഷത്തെ ചരിത്രവും വളര്‍ച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന വെബ്‌സൈറ്റില്‍ കഴിഞ്ഞകാലങ്ങളില്‍ ഇടവകയെ നയിച്ച വികാരിമാര്‍, ഇടവകാംഗങ്ങളായ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ മാര്‍ മാത്യു കാവുകാട്ട്, മോണ്‍സിഞ്ഞോര്‍ ജോസഫ് കുഴിഞ്ഞാലില്‍, മഹാകവി പി.എം. ദേവസ്യ എന്നിവരെ കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ പ്രവിത്താനം ഫൊറോനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ വിവരങ്ങളും ലഭ്യമാണ്.
ഇടവകയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളും സേവനങ്ങളും പൊതുസമൂഹത്തെ അറിയിക്കുക എന്നതോടൊപ്പം പിന്നിട്ട നാല് നൂറ്റാണ്ടുകളിലെ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്ത് വരുംതലമുറയ്ക്കായി സൂക്ഷിക്കുക എന്ന ചിന്തയും വെബ്‌സൈറ്റ് ആരംഭിക്കുന്നതിന് പ്രചോദനമായതായി വികാരി ഫാദര്‍ ജോര്‍ജ് വേളൂപ്പറമ്പില്‍ പറഞ്ഞു. കഴിഞ്ഞ 400 വര്‍ഷക്കാലമായി പ്രവിത്താനത്തിന്റെ ആത്മീയ തേജസ്സായി വിരാജിക്കുന്ന സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി വളര്‍ച്ചയുടെ പുതിയ പാതയിലേക്ക് പ്രവേശിക്കുമ്പോള്‍ 'വിശ്വാസത്തില്‍ മുന്നോട്ട്' എന്ന സന്ദേശവുമായാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ . റവ. ഫാ. ജോസഫ് കണിയോടിക്കല്‍,വികാരി റവ. ഫാ. ജോര്‍ജ് വേളുപ്പറമ്പില്‍, സഹ വികാരിമാരായ ഫാ.ജോര്‍ജ് പോളച്ചിറ കുന്നുംപുറം, ഫാ.ആന്റണി കൊല്ലിയില്‍, കൈക്കാരന്മാരായ മാത്യൂസ് എബ്രഹാം പുതിയിടം, ജിമ്മിച്ചന്‍ സി. എ. ചന്ദ്രന്‍കുന്നേല്‍, ജോണി ജോസഫ് പൈക്കാട്ട്, ജോഫ് തോമസ് വെള്ളിയേപ്പള്ളില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments