അതിരമ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പെണ്ണാര്‍ത്തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിലും LDF ന്റെ പ്രതിഷേധം. അതിരമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ LDF പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് കമ്മിറ്റി നടക്കുന്നതിനിടയിലായിരുന്നു പ്രതിഷേധ സമരം. കനത്ത മഴയില്‍ പെണ്ണാര്‍ത്തോട് കരകവിഞ്ഞൊഴുകി പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. തോടില്‍ വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ നിലയിലാണ്. പായലും പോളയും നിറഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും, മഴക്കാലത്തിനു മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നും എല്‍ഡിഎഫ് ആരോപിച്ചു.
പെണ്ണാര്‍ത്തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുന്‍പും പ്രതീകാത്മകമായി പ്രതിഷേധം നടത്തിയിരുന്നു. അതിരമ്പുഴ പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് നടക്കുന്നതെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി.
അതിരമ്പുഴ കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനമായിട്ടാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസിലെത്തിയത്. പ്രസിഡന്റിന്റെ ക്യാബിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ഇരമ്പി. ഈ സമയം പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റി നടക്കുകയായിരുന്നു. ഇതിനിടയില്‍ പ്രസിഡന്റ് പ്രതിഷേധക്കാരെ വിളിച്ചു സംസാരിക്കാന്‍ ശ്രമിച്ചത് വാഗ്വാദത്തിന് വഴിവെച്ചു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എന്നാല്‍ സമരക്കാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും, അതിരമ്പുഴ കവല മുതല്‍ പെണ്ണാര്‍ത്തോട് കുട്ടാമ്പുറം വരെ തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ആഴം കൂട്ടുന്ന പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം പറഞ്ഞു. 50 ലക്ഷം രൂപ ഇതിനായി വകയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ ഏല്‍പ്പിച്ചതായും, ശക്തമായ മഴ മൂലമാണ് പണികള്‍ ആരംഭിക്കാന്‍ വൈകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
0 Comments