കോട്ടയം മെഡിക്കല്‍ കോളേജ് കാമ്പസിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ച് ഡോക്ടറുടെ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി.
കാട്ടാക്കട ചന്ദ്രന്‍ (49) എന്നുവിളിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ചന്ദ്രനെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ്ചെയ്തു. തിരുവല്ല ഓതറ സ്വദേശി തോമസിന് (53) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റത്. മെഡിക്കല്‍ കോളേജ് വളപ്പിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നടന്ന സംഭവത്തിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചില്ല.
പാര്‍ക്കിങ് ഏരിയക്കു സമീപമുള്ള ഷെഡില്‍ ഇരുന്ന് ഭക്ഷണം കഴിച്ച പ്രതി മാലിന്യം അവിടെയിടുന്നത് വിലക്കിയതു മാത്രമായിരുന്നു പ്രകോപനം. പ്രതി സഞ്ചിയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഡ്രൈവറുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. താടിയും മുടിയും വളര്‍ത്തിയ നീല ഷര്‍ട്ട് ധരിച്ചയാളെക്കുറിച്ചുള്ള 'അന്വേഷണത്തിനിടയില്‍ തിരുവനന്തപുരം ജില്ലയില്‍ വധശ്രമക്കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ചന്ദ്രന്‍ എന്നയാളുടെ സാന്നിദ്ധ്യം കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് ഉണ്ടായിരുന്നു എന്ന സുപ്രധാന വിവരം പോലീസ് സംഘത്തിനു കിട്ടി. ഇയാളുടെ കൈവശം സദാസമയവും ആയുധം ഉണ്ടാകുമെന്നും അറിയാന്‍ കഴിഞ്ഞു. രണ്ടുദിവസമായി ഇയാളെ മെഡിക്കല്‍ കോളേജ് പരിസരത്ത് കാണാനില്ല എന്നുള്ള വിവരം സംശയം ഇയാളിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായി. തുടര്‍ന്ന് ചന്ദ്രനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ 05.05.25 തീയതി വൈകി അമ്മഞ്ചേരി ഐ.സി.എച്ചിനു സമീപം ചന്ദ്രനെ കണ്ടുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പോലീസ് സംഘം എത്തി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്നും കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നെഞ്ചില്‍ ആഴത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ. ടി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. അനുരാജ് എം.എച്ച്. പോലീസ് ഉദ്യേഗസ്ഥരായ രഞ്ജിത്ത് ടി.ആര്‍, അനൂപ് പി.ടി. എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെപിടികൂടിയത്.
0 Comments