ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ച് കടനാട് ചെക്ക് ഡാം നവീകരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ചെക്ക് ഡാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമന്‍ മെമ്പര്‍മാരായ ഉഷ രാജു, ജയ്‌സി സണ്ണി കുടിവെള്ള പദ്ധതി പ്രസിഡന്റ് ജോണി അഴകന്‍ പറമ്പില്‍, ബെന്നി ഈ രൂരിക്കല്‍, അരുണ്‍ പാറക്കല്‍, കുട്ടായി കുറുവത്താഴെ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകൃതിരമണീയമായ ഈ സ്ഥലം ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഭാവിയില്‍ ഹാപ്പിനസ്പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് കഴിയും എന്നും ഇതുവഴി കടനാടിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിക്കു മെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു
ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടപ്പാക്കാത്തതുമൂലം ചെക്ക് ഡാമിന്റെ ചോര്‍ച്ചയ്ക്ക് കാരണമായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളില്‍ ഒന്നായ കൈതക്കല്‍ - പൂതക്കുഴി കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം വേനല്‍ക്കാലത്ത് സുലഭമായി ലഭ്യമാകുന്നത് കടനാട് ചെക്ക് ഡാമില്‍ നിന്നാണ് . ഏറെ ടൂറിസം സാധ്യതകളാണ് കടനാട് ചെക്ക് ഡാമില്‍ ഉള്ളത്. അടുത്തകാലത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കടനാട് വികസന സമിതിയും ചേര്‍ന്ന് ചെക്ക് ഡാമില്‍ കുട്ടവഞ്ചി സവാരിയും കയാക്കിംഗ് ഉള്‍പ്പെടെ നടത്തിയിരുന്നു. രണ്ട് കിലോമീറ്റര്‍ ഓളം ദൂരം ചെക്ക് ഡാമിലെ വെള്ളം സംഭരിച്ചു നിര്‍ത്തുന്നത് കൊണ്ട് സമീപത്തുള്ള നിരവധി കിണറുകളിലെ ജലനിരപ്പ് ഉയരുന്നതിനും ചെക്ക് ഡാം കാരണമാകും. ചെക്ക് ഡാമിന്റെ സൈഡ് സംരക്ഷണഭിത്തി ഉയര്‍ത്തി കെട്ടിമണ്ണിട്ട് നികത്തുന്നതോടെ കടനാട് കാവുംങ്കണ്ടം റോഡിന്റെ വീതി വര്‍ധിക്കുന്നതിന് ഇടയാക്കും. അതുപോലെ തോട്ടിലെ ചെളിയും മാലിന്യങ്ങളും കോരി മാറ്റുമ്പോള്‍ ചെക്ക് ഡാമില്‍ കൂടുതല്‍ വെള്ളം സംഭരിച്ചു നിര്‍ത്തുന്നതിനും കഴിയും.
0 Comments