പാലായില്‍ തുടര്‍ച്ചയായി വൈദ്യുതി മുടക്കമുണ്ടാകുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈദ്യുതി ഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പാലായിലെ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരമായി കൊണ്ടുവന്ന കേബിള്‍ സിസ്റ്റം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് KVVES ആരോപിക്കുന്നു. കോടികള്‍ മുടക്കി സ്ഥാപിച്ച ഈ സംവിധാനത്തിലെ അപാകതകള്‍ , പാലായില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയാണ്.
പാലായിലെ വ്യാപാരികളും സാധാരണ ജനങ്ങളുമാണ് ഇതു മൂലം ദുരിതത്തിലാവുന്നത്. ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഭക്ഷ്യവസ്തുക്കള്‍ കേടായി പോകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനായി വ്യാപാരികള്‍ ദിവസേന വലിയ തുക ചെലവാക്കേണ്ടി വരുന്നു. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും, വൈദ്യുതി തടസ്സം പരിഹരിക്കാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ 'സമരപരിപാടികള്‍ ശക്തമാക്കുമെന്ന് കെവിവിഇഎസ് പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ് പറഞ്ഞു. പ്രതിഷേധ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ എക്‌സ് എം.പി ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റിയാങ്കല്‍, അനൂപ് ജോര്‍ജ്, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, എന്നിവര്‍ പ്രസംഗിച്ചു. വൈദ്യുതി തകരാറിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് വ്യാപാരികള്‍ നിവേദനം നല്‍കി.
0 Comments