കനത്ത കാറ്റിലും മഴയിലും വീടുതകര്‍ന്നു.  മേലുകാവ് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ഇടമറുക് കൈലാസമറ്റം ഭാഗത്ത് തെങ്ങിന്‍തോട്ടത്തില്‍ ധന്യാ മനോജിന്റെ വീടാണ്  ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്.  മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്ന് വീട് വാസയോഗ്യമല്ലാതായി. മൂന്നു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണമടഞ്ഞതിനെ  തുടര്‍ന്ന് ദുരിതത്തിലായ കുടംബത്തിന് വീടു തകര്‍ന്നത് കനത്ത ആഘാതമായി. ശക്തമായ കാറ്റില്‍ വീടുതകര്‍ന്നപ്പോള്‍ വീടിനുള്ളിലുണ്ടായിരുന്ന ധന്യയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 


പ്ലസ്ടു പരീക്ഷയില്‍  ഫുള്‍ എപ്ലസ് നേടി പാസ്സ് ആയ മിഥുന്‍ മനോജിനും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മന്യ മനോജിനും സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ താമസത്തിനും പഠനത്തിനുമുള്ള സൗകര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റൊ ജോസഫ് , വാര്‍ഡ് മെമ്പര്‍ അഖില അരുണ്‍ ദേവ് , വില്ലേജ് ഓഫീസര്‍ ഡെന്നി എന്നിവര്‍ സ്ഥലത്തെത്തി നാശനഷ്ടം  വിലയിരുത്തി. വാസയോഗ്യമായ ഒരു വീട് നിര്‍മ്മാണത്തിന് സന്മനസ്സുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് നിര്‍ധനകുടുംബം.