കടപ്ലാമറ്റം പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കി നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. 2019-2020 വര്‍ഷത്തിലെ ആസ്തി ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപയിലാണ് താഴത്തെ നിലയുടെ പണി പൂര്‍ത്തീകരിച്ചത്.
മുകളിലത്തെ നിലയുടെ നിര്‍മാണത്തിനായി 2023- 24 ലെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപയാണ് ചെലവഴിച്ചത്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍നിന്ന് 50 മീറ്റര്‍ ദൂരത്തിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. 1198 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തൃപ്തികരമായി പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. പെയിന്റിംഗ് ജോലികളും ഇന്റീരിയര്‍ ജോലികളുമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ സിവില്‍ സ്റ്റേഷനില്‍ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, തദ്ദേശ സ്വയംഭരണവകുപ്പ് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കും.
0 Comments