നവീകരിച്ച പാല അമലോത്ഭവജൂബിലി കുരിശുപള്ളിയുടെ ആശീര്‍വാദ കര്‍മ്മവും മെയ് മാസ വണക്ക സമാപനവും മേയ് 31 ശനിയാഴ്ച നടക്കും. 121 വര്‍ഷമായി പാലായുടെ ആത്മീയ ചൈതന്യമായ ടൗണ്‍ കപ്പേള 1977 ലാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. കേടുപാടുകള്‍ പരിഹരിച്ച് പെയിന്റിംഗും വയറിംഗും പൂര്‍ത്തീകരിച്ച് മനോഹരമാക്കിയ കുരിശു പള്ളിയില്‍ ക്രിസ്തീയ പ്രതീകങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന സ്റ്റെയിന്‍ഡ് ഗ്ലാസുകളും സ്ഥാപിച്ചു കഴിഞ്ഞു. മേയ് 31 ന് മെയ് മാസവണക്ക സമാപനത്തോടനുബന്ധിച്ച് പള്ളിയുടെ ആശീര്‍വാദ കര്‍മ്മം നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
മെയ് 31 ന് വൈകീട്ട് ആഘോഷമായ ജപമാലയ്ക്കും വണക്കമാസ പ്രാര്‍ത്ഥനയ്ക്കും ശേഷം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കും. പുറത്തു നമസ്കാരം, നേര്‍ച്ച വിതരണം എന്നിവയും നടക്കും. പാലാക്കാരുടെ മരിയഭക്തിയുടെ പ്രതീകമായ ടൗണ്‍ കപ്പേള നവീകരണത്തോടെ രാത്രി കാഴ്ചയിലടക്കം മനോഹരമായി മാറിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാദര്‍ ജോസ് തടത്തില്‍, ളാലം പുത്തന്‍ പള്ളി വികാരി ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍, കൈക്കാരന്മാരായ ജോണി പന്തപ്ലാക്കല്‍ , തോമസ് മേനാം പറമ്പില്‍, ജോയി പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments