കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എല്‍.എ. എക്സലന്‍സ് അവാര്‍ഡു ദാനവും ജൂണ്‍ 26 വ്യാഴാഴ്ച കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അക്കാദമികളുടെയും പുരസ്‌കാരങ്ങളും അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ വ്യക്തികളെയും കലാ-കായിക-സാഹിത്യ-രംഗങ്ങളില്‍ മികവു തെളിയിച്ചവരെയും ചടങ്ങില്‍ ആദരിക്കും
. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന
പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കും. കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. വിശിഷ്ടാതിഥിയായിരിയ്ക്കും. ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി ഐ.എ.എസ്. മുഖ്യപ്രഭാഷണവും കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് ഐ.പി.എസ്. അനുമോദനപ്രസംഗവും നടത്തും.
മലയാള സിനിമാരംഗത്തെ പ്രമുഖരായ ഷെയ്ന്‍ നിഗം, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. കടുത്തുരുത്തി താഴത്തുപള്ളി ഫൊറോന വികാരി റവ. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കോട്ടയം രൂപത മുന്‍ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പലും വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവുമായ റവ. ഫാ. ജയിംസ് മുല്ലശ്ശേരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, വിവിധ മത്സരപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍, എസ്.എസ്.എല്‍.സി. - ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ എന്നിവര്‍ക്ക് എം.എല്‍.എ. എക്സലന്‍സ് അവാര്‍ഡ് നല്‍കി അനുമോദിക്കും. വിദ്യാര്‍ത്ഥി പ്രതിഭകളും വിവിധ രംഗങ്ങളിലെ പ്രഗത്ഭരും ഉള്‍പ്പെടെ 1500 ലധികം പേരെ ചടങ്ങില്‍ ആദരിക്കും.
0 Comments