അഡ്വ: ജിസ്‌മോള്‍ തോസിന്റെയും മക്കളുടേയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഇപ്പോഴത്തെ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ എല്ലാവരേയും ചോദ്യം ചെയ്യണമെന്നും ജിസ്‌മോളുടെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ചൂണ്ടിക്കാണിച്ച പല കാര്യങ്ങളോടും പോലീസ് നിസ്സംഗത പുലര്‍ത്തുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. പ്രതികളുടെ വീട്ടില്‍ ഉണ്ടായിരുന്ന സിസി ടിവി പരിശോധനാ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് പരിശോധനയ്ക്ക് തയ്യാറായിട്ടില്ല.
ജിസ് മോളുടെ മരണത്തെക്കുറിച്ച് ആക്ഷന്‍ കൗണ്‍സിലിനുള്ള സംശയങ്ങള്‍ കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഒന്നാം പ്രതി വഴക്ക് പറഞ്ഞതിന്റെ പേരിലാണ് മരണം നടന്നത് എന്ന പോലീസിന്റെ മൊഴിയും, ജിസ്‌മോളെ മാനസിക രോഗിയാക്കി മാറ്റാനുള്ള പ്രതികളുടെ വ്യഗ്രതയും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢ നീക്കമായി കരുതുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും അന്വേഷണ വിധേയമാക്കാന്‍ പോലീസ് തയ്യാറാകാത്തത് സംശയം ഉണ്ടാക്കുകയാണ്. ഫോണ്‍ പരിശോധനകള്‍ കൃത്യമായി നടത്തിയിട്ടില്ല. 4-ാം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് പോലീസ് കാലതാമസം വരുത്തുകയാണ്. സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്നന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍.കെ.ശശികുമാര്‍, കണ്‍വീനര്‍ ശാന്തി പ്രഭാത, അംഗങ്ങളായ ആര്യ സബിന്‍, പ്രിന്‍സ് നീറിക്കാട്, അശോക് എ.ആര്‍., ജിസ്‌മോളുടെ പിതാവ് പി.കെ. തോമസ്, രാജു ആലപ്പാട്ട് തുടങ്ങിയവര്‍ പറഞ്ഞു.. ഏറ്റുമാനൂര്‍ നഗരം ചുറ്റിയെത്തിയ പ്രതിഷേധ മാര്‍ച്ച് സ്റ്റേഷന്‍ റോഡില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സമരത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗൗരവതരമായ അന്വേഷണമാണ് നടത്തിയതെന്ന് ഏറ്റുമാനൂര്‍ പോലീസ് അധികൃതര്‍ പറയുന്നു. പ്രതികളില്‍ പലര്‍ക്കും കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വിദേശത്തേക്ക് പോയ കുറ്റാരോപിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടന്നും ഏറ്റുമാനൂര്‍ പോലീസ് വ്യക്തമാക്കി.





0 Comments