കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി ഒരുക്കിയ വിശ്രമകേന്ദ്രത്തിന്റെ സമര്‍പ്പണം നടന്നു. മന്ത്രി വി.എന്‍ വാസവന്‍ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1985 എം.ബി.ബി.എസ് ബാച്ച് ഡോക്ടര്‍മാര്‍ 35 ലക്ഷം രൂപ മുടക്കിയാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്.
1000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചി മുറികള്‍, ഭക്ഷണം കഴിക്കാനുള്ള സ്ഥലം,കിടക്കുവാനായി രണ്ടു തട്ടുകളായുള്ള കിടക്കകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വിശ്രമസ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ കാന്‍സര്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംരംഭം പൂര്‍ത്തീകരിക്കുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് 1985 എംബിബിഎസ് ബാച്ച് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
കാന്‍സര്‍ വിഭാഗത്തിലെ നഴ്‌സുമാരും ഹൗസ് കീപ്പിംഗ് വിഭാഗവും ചേര്‍ന്ന് ഈ കെട്ടിടത്തിന്റെ പരിപാലനം ഏറ്റെടുത്തു നടത്തും. സമ്മേളനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗ്ഗീസ് പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ്, ഡോ.എ ജബ്ബാര്‍, സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ജോസ് ടോം, ഡോ.സാം ക്രിസ്റ്റി മാമ്മന്‍, ഡോ.സൂസന്‍ ഉതുപ്പ് ,കാന്‍സര്‍ വിഭാഗം മേധാവി ഡോ.സുരേഷ് കുമാര്‍, ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ടി ജി തോമസ് ജേക്കബ്ബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments