കുറവിലങ്ങാട് കോഴയില്‍ സയന്‍സ് സിറ്റി സയന്‍സ് സെന്റര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് വാതിലുകള്‍ തുറന്നിടുന്ന കോഴാ സയന്‍സ് സിറ്റിയില്‍ പ്രപഞ്ചസത്യങ്ങളുടെ വിശാലവിസ്മയങ്ങളാണുള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയില്‍ സ്ഥാപിക്കുന്ന സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടമായ സയന്‍സ് സെന്റര്‍ ഉദ്ഘാടനം ജൂലൈ മൂന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായില്‍ എം.സി. റോഡരില്‍ സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയില്‍ സയന്‍സ് സിറ്റി സ്ഥാപിച്ചത്. ശാസ്ത്ര ഗ്യാലറികള്‍, തൃമാന പ്രദര്‍ശന തിയേറ്റര്‍, ശാസ്ത്ര പാര്‍ക്ക്, സെമിനാര്‍ ഹാള്‍, ഇന്നവേഷന്‍ ഹബ്ബ് എന്നിവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍ ആണ് ഇതിലെ പ്രധാന ഭാഗം.പദ്ധതി പ്രദേശത്ത് 47,147 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മിച്ചിരിക്കുന്ന സയന്‍സ് സെന്റര്‍ കെട്ടിടത്തില്‍ പല വിഭാഗങ്ങളിലായിട്ടാണ് പ്രദര്‍ശനം സജ്ജമാക്കിയിട്ടുള്ളത്. ഫണ്‍ സയന്‍സ് ഗാലറി, എമെര്‍ജിങ് ടെക്‌നോളജി, മറൈന്‍ സയന്‍സ്, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ എന്നിവയും ത്രീ ഡി തീയറ്റര്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവയുമാണ് സയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ഫണ്‍ സയന്‍സ് ഗാലറിയില്‍ ശാസ്ത്രതത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളുമാണ് പ്രതിപാദിക്കുന്നത് . ഇവിടെ അമ്പതോളം ഇനങ്ങള്‍ വിവിധ ശാസ്ത്ര ശാഖയുടെ കീഴില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മാറിയ കാലത്തിന്റെ ശാസ്ത്രപുരോഗതി വ്യക്തമാക്കുന്ന കാര്യങ്ങളാണ് എമര്‍ജിംഗ് ടെക്‌നോളജിയില്‍ കാണാനാകുന്നത്. മറൈന്‍ സയന്‍സ് വിഭാഗത്തില്‍ കടലിനടിയിലെ കാഴ്ചകളാണ് ആകര്‍ഷിക്കുന്നത്.സമുദ്രാന്തര്‍ഭാഗത്തെ കാഴ്ചകളും ആകാശകാഴ്ചകളും ഉള്‍പ്പെടുന്ന ത്രിമാന വീഡിയോ പ്രദര്‍ശനം ദൃശ്വാനുഭവമാകും.20 മിനിട്ട് നീണ്ടുനില്‍ക്കുന്ന 2 വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. സയന്‍സ് പാര്‍ക്കില്‍ 32 കാഴ്ചകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്ടിവിറ്റി സെന്ററില്‍ കുട്ടികള്‍ക്കു പരീക്ഷണങ്ങള്‍ നടത്താനുള്ള സാമഗ്രികള്‍ ഒരുക്കിയിട്ടുണ്ട് . ടെമ്പററി എക്‌സിബിഷന്‍ ഹാളില്‍ സ്റ്റില്‍ മോഡലുകളുടെ പ്രദര്‍ശനം ആണ് ഒരുക്കിയിട്ടുള്ളത്. ജൂലൈ നാലു മുതല്‍ സയന്‍സ് സിറ്റിയിലേക്ക് പ്രവേശനം അനുവദിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നത്. തിങ്കളാഴ്ചകളില്‍ അവധിയായിരിക്കും. പൊതുജനങ്ങള്‍ക്ക് 30 രൂപയും വിദ്യാര്‍ഥികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.
0 Comments