വയോധികയായ സ്ത്രീയുടെ മാല സ്‌കൂട്ടറില്‍ എത്തി പൊട്ടിച്ചെടുത്ത പ്രതികളെ തൃക്കൊടിത്താനം പോലീസ് പിടികൂടി. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് താമസിക്കുന്ന 83 വയസ്സുള്ള മേരിക്കുട്ടി മാത്യു എന്ന സ്ത്രീയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. വീടിന്റെ ഗേറ്റിനടുത്ത് വച്ചാണ് ചെവി കേള്‍ക്കാന്‍ വയ്യാത്ത മേരിക്കുട്ടിയുടെ മാല പൊട്ടിച്ചെടുത്തു കൊണ്ട് പോയത്. തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എംജെ അരുണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ തൃക്കൊടിത്താനം സ്വദേശികളായ പണിപ്പുരപടത്തട്ടില്‍ ഷിഹാബ്, പുതുപ്പറമ്പില്‍ സിനാജ്, പാലത്തിങ്കല്‍ രാജിവ് എന്നിവര്‍ പിടിയിലായത്.
മാല പൊട്ടിച്ചെടുത്തതിനു ശേഷം തിരികെ പോകുന്ന വഴിക്ക് പിടികൂടാതിരിക്കുന്നതിനായി ധരിച്ചിരുന്ന ഷര്‍ട്ടും മുണ്ടും മാറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നീട് മാല ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ എത്തി വില്‍പ്പന നടത്തി ആ പണവുമായി റെന്റിന് കാറെടുത്ത് സിനാജും അനസുമായി കുമളിയിലേക്ക് പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ പി ടോംസണ്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ എം ജെ, എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയപ്രകാശ്, ഗിരീഷ് കുമാര്‍ പോലീസ് ഉദ്യോഗസ്ഥരായ ആന്റണി, മണികണ്ഠന്‍, ബോബി,ബിജു,സജീവ്, സക്കീര്‍ ഹുസൈന്‍, ഷൈന്‍, അരുണ്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെപിടികൂടിയത്.
0 Comments