മഹാകവി കോതനല്ലൂര്‍ ജോസഫ് സ്മൃതി ദിനാചരണവും കാവ്യസമാഹാര പ്രകാശനവും കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. കാവ്യ സമാഹാര പ്രകാശനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. മഹാകവി ജോസഫ് കോതനല്ലൂരിനെ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സ്വാധീനിച്ചിരുന്ന മഹത് വ്യക്തിത്വങ്ങള്‍ ആയിരുന്നു മഹാകവി ഉള്ളൂരും സാമൂഹിക പരിഷ്‌കര്‍ത്താവ് ആയിരുന്ന ചാവറയച്ചനുമെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
മഹാകവി ജോസഫിന്റെ രചന വൈഭവം അദ്ദേഹത്തിന്റെ കൃതികളിലൂടെ വ്യക്തമാണെന്നും പുതുതലമുറ അത് അനുഭവവേദ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കവിതാങ്കുരം, ശ്രീ യേശു വിയോഗം, ക്രൂശിലെ യേശു, ബാഷ്‌പോപഹാരം, മഹാ പാതകം തുടങ്ങിയ ഭാഷ ഖണ്ഡ, കാവ്യങ്ങളും ജീവിതയാത്ര എന്ന മഹാകാവ്യവും രചിച്ച കോതനല്ലൂര്‍ ജോസഫ് അമൃത ലതിക, ഗീതാമൃതം തുടങ്ങിയ സംസ്‌കൃത ഖണ്ഡ കാവ്യങ്ങളും രചിച്ചിട്ടുണ്ട്. പാലാ രൂപത സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍, റവ: ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ഡോക്ടര്‍ കുര്യാസ് കുമ്പളക്കുഴി, ഡോക്ടര്‍ വി.എം മാത്യു ഇലഞ്ഞി, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, കോതനല്ലൂര്‍ പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കക്കുഴിയില്‍, മഹാകവി ജോസഫ് കോതനല്ലൂരിന്റെ പുത്രന്‍ ടോം ജോസഫ് പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments