കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആരോഗ്യ മേഖലയോട് സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയും അവസാനിപ്പിക്കണമെന്നും ആശുപതികളില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ടു കൊണ്ടുമായിരുന്നു പ്രതിഷേധ മാര്‍ച്ച്.
കോട്ടയം മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ് പ്രൈവറ്റ് ബസ് സ്റ്റേഷനു സമീപം പ്രതിഷേധ ധര്‍ണ്ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അത്യാവശ്യ മരുന്നുകളോ ശസ്ത്രക്രിയകള്‍ക്ക് ആവശ്യം വേണ്ടിവരുന്ന ഉപകരണങ്ങളോ ഇല്ലാത്തതിന്റെ പേരില്‍ മതിയായ ചികിത്സ ലഭിക്കാതെ പാവപ്പെട്ടവര്‍ ദുരിതമനുഭവിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യമേഖലയെ ഗ്രഹിച്ചിരിക്കുന്ന ഈ വലിയ വിപത്ത് ചൂണ്ടിക്കാണിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ക്കാഴ്ചകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തല്‍ എന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു. മെഡിക്കല്‍ കോളജുകളില്‍ നടത്തുന്ന പല വികസന പ്രവര്‍ത്തനങ്ങളിലും കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും രോഗികളുടെ ചികിത്സ കാര്യത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഴിമതി നടത്തുന്ന കാര്യത്തിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നന്ദിയോട് ബഷീര്‍, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, സുനു ജോര്‍ജ്, നീണ്ടൂര്‍ മുരളി, ആനന്ദ് പഞ്ഞിക്കാരന്‍, ഗോപകുമാര്‍ ഫില്‍സണ്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments