വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ഹോട്ടലുകളും ബജിക്കടകളും പ്രതിസന്ധിയിലാവുന്നു. വെളിച്ചെണ്ണ വില 500ന്റെ പടിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ പലഹാരങ്ങള്‍ക്കും കറികള്‍ക്കും വെളിച്ചെണ്ണ ഉപയോഗിക്കാന്‍ കഴിയാത്ത് അവസ്ഥയിലാണ് ഒട്ടുമിക്ക ഹോട്ടലുകളും. മുളക് ബജിയും,മുട്ട ബജിയും ഏത്തക്കാ ബോളിയും ബോണ്ടയും വടയും അടക്കമുള്ള എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റിരുന്ന ബജിക്കടകള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില പിടിവിട്ടുയരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കടയുടമകള്‍. ഒട്ടുമിക്ക ഹോട്ടലുകളും വിലക്കുറവുള്ള ഓയിലുകളിലേക്ക് മാറുകയും കറികള്‍ക്ക് കടുക് താളിക്കുവാന്‍ മാത്രം വെളിച്ചെണ്ണ ഉപയോഗിക്കുന്ന സ്ഥിതിയിലുമാണ്. എണ്ണയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികള്‍ ആരോഗ്യ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഗുണനിലവാരമില്ലാത്ത എണ്ണകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പലഹാരങ്ങള്‍ പലവിധ രോഗങ്ങള്‍ വിളിച്ചുവരുത്തുകയാണ്. അച്ചപ്പം, ഊത്തപ്പം, മിക്‌സ്ചര്‍ അടക്കമുള്ള വ വെളിച്ചെണ്ണയില്‍ ഉണ്ടാക്കി വില്‍ക്കുവാന്‍ കഴിയാത്ത നിലയിലും ആണ്. വെളിച്ചെണ്ണ വില 500 കടക്കുമ്പോള്‍ പായ്ക്കറ്റ് ഓയില്‍ ഒരു ലിറ്ററിന് 120 രൂപ മുതല്‍ 150 വരെ വിലയിലാണ് കടകളില്‍ നിന്നും ലഭിക്കുന്നത്. ഹോട്ടലുകാരും ബജ്ജി കടക്കാരും ഇന്ന് കൂടുതലും ഓയിലിനെയാണ് ആശ്രയിക്കുന്നത്. പഴകിയ എണ്ണയുടെ പുനര്‍ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു. പലഹാരങ്ങള്‍ക്കൊപ്പം രോഗവും വിലയ്ക്കു വാങ്ങേണ്ടി വരുന്ന സ്ഥിതിയില്‍ വിപണിയില്‍ ഇടപെട്ട് വില കുറയ്ക്കാനും ഗുണമേന്മയുള്ള എണ്ണകള്‍ ലഭ്യമാക്കാനും സര്‍ക്കാരും വിവിധ വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുകയാണ്.





0 Comments