കോഴായിലെ കുടുംബശ്രീ കഫേയില്‍ ആദ്യ മൂന്നു മാസം കൊണ്ട് അരക്കോടി വിറ്റുവരവ്. കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തില്‍ തന്നെ ഹിറ്റ് ആവുകയായിരുന്നു. വില്‍പനയും സൗകര്യങ്ങളും കൊണ്ടു കുടുംബശ്രീയുടെ പ്രീമിയം കഫേകളില്‍ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. കോഴായിലെ കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കഫേ. ദിവസവും ശരാശരി 60000 രൂപയ്ക്കു മുകളിലുള്ള കച്ചവടം നടക്കുന്നതായി കഫേ നടത്തുന്ന കുടുംബശ്രീ കണ്‍സോര്‍ഷ്യത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ബീന തമ്പിയും സെക്രട്ടറി ഷഹാന ജയേഷും പറയുന്നു
. ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം നടന്ന ദിവസങ്ങളുണ്ട്. ഈ വര്‍ഷം ഏപ്രില്‍ എട്ടിനാണ് മന്ത്രി എം.ബി. രാജേഷ് പ്രീമിയം റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. മിതമായ നിരക്കില്‍, പ്രീമിയം നിലവാരത്തിലുള്ള റെസ്റ്റോറന്റും എം.സി. റോഡരികില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യവും ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ സൗകര്യവും കോഴയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ പ്രത്യേകതയാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ച സയന്‍സ് സിറ്റിക്ക് സമീപമാണ് കഫേ. വിശാലവും വൃത്തിയുള്ളതുമായ ടേക്ക് എ ബ്രേക്കും ശുചിമുറി സൗകര്യവും സൗജന്യമായി ലഭിക്കും. കഫേയുടെ മുകള്‍ നിലയിലുള്ള 120 പേര്‍ക്കിരിക്കാവുന്ന എ.സി. ഹാളിന്റെ നടത്തിപ്പുചുമതലയും കുടുംബശ്രീക്കാണ്. 10000 രൂപയാണ് വാടക. രാവിലെ 6.30 മുതല്‍ രാത്രി 11.30 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. 52 കുടുംബശ്രീ വനിതകള്‍ക്കു തൊഴില്‍ നല്‍കുന്ന സംരംഭമായി പ്രീമിയം കഫേ മാറി. ബ്‌ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള വനിതകളാണ് കഫെയിലെ ജീവനക്കാര്‍. കുടുംബശ്രീ ജില്ലാ മിഷന്റെ മേല്‍നോട്ടത്തിലും പിന്തുണയിലുമാണ് പ്രീമിയം കഫേയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ആധുനിക കിച്ചനും പ്രീമിയം നിലവാരത്തിലുള്ള റെസ്റ്റോറന്റും മിനി കോണ്‍ഫറന്‍സ് ഹാളും സജ്ജമാക്കിയത്. കുടുംബശ്രീ മിഷന്‍ ഗ്രാന്‍ഡ് ഇന്‍ എയ്ഡായി 20 ലക്ഷം രൂപ നല്‍കി. ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്നുള്ള 32 പേര്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് വായ്പയിലൂടെയും സ്വന്തം പണംമുടക്കിയും സംവിധാനങ്ങള്‍ ഒരുക്കിയത്. നിലവില്‍ രണ്ടാം നിലയില്‍ സ്ത്രീകള്‍ക്കായുള്ള ഷീ ലോഡ്ജിന്റെ നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉഴവൂര്‍ ബ്‌ളോക്കിനു കീഴിലുള്ള ഏഴു സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കഫേയുടെ ചുമതല വഹിക്കുന്നത്. . കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2.52 കോടി രൂപയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയും ചെലവിട്ടാണ് ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രം നിര്‍മിച്ചത്. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.





0 Comments